കൊച്ചി: പലകാര്യങ്ങളിലും ശക്തമായ നിലപാടുള്ള മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഫ്‌ളക്സ് നിയന്ത്രണ വിഷയത്തില്‍ ഇടപെടാത്തതെന്ന് ഹൈക്കോടതി. അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കോളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചു. അനധികൃത ഫ്‌ളക്‌സ് – പരസ്യ ബോര്‍ഡുകള്‍ക്ക് എതിരായ ഹര്‍ജി പരിഗണിക്കവെ സിംഗിള്‍ ബെഞ്ചിന്റേതാണ് പരാമര്‍ശം. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഹൈക്കോടതി വിധി ശ്രദ്ധിക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ കറ്റാനത്ത് പള്ളിക്കു മുന്നിലെ അനധികൃത ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാന്‍ പള്ളിയധികൃതര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാനുള്ള ഉത്തരവില്‍ നടപടിയെടുക്കുമ്പോള്‍ ഭരണകക്ഷികള്‍ തന്നെ ഇത്തരം ബോര്‍ഡുകള്‍ വയ്‌ക്കുന്നു. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. കോടതിയെ പരിഹസിക്കുന്ന തരത്തില്‍ കോടതിക്ക് മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു.
വികസിത രാജ്യങ്ങളിലൊന്നും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിലവിലില്ല. കൊല്‍ക്കത്തയില്‍ ഇത്തരമൊരു ബോര്‍ഡ് താഴെ വീണ് അത്യാഹിതമുണ്ടായി. 30,000 ബോര്‍ഡുകള്‍ ഇതിനകം നീക്കി. ഇതുമൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ നല്ല പരിസ്ഥിതിയില്‍ ജീവിക്കാനുള്ള പൗരാവകാശത്തിന്റെ ലംഘനമാണ്. തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിഗണന വേണ്ട വിഷയമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി, ഡിജിപി, ഇലക്ഷന്‍ കമ്മിഷന്‍ എന്നിവരെ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ച കോടതി, ഇവരോട് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.















