കോട്ടയം: മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് അനുയോജ്യമായ പ്രകൃതിസൗഹൃദനിര്മ്മിതികളുള്ള സുസ്ഥിരവികസനപദ്ധതി നടപ്പാക്കണമെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാനം പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു.
കാടുകള്‍ വെട്ടിത്തെളിച്ചും, പാറകള്‍ പൊട്ടിച്ചും നീര്‍ത്തടങ്ങള്‍ നികത്തിയും നദികളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയും പ്രകൃതിക്കേല്പിച്ച ആഘാതത്തിന്റെ പ്രതിഫലനമാണ് കേരളമനുഭവിച്ച പ്രകൃതിദുരന്തം. അത് പ്രകൃതിയെ നശിപ്പിച്ച് മനുഷ്യന് കെട്ടിപ്പൊക്കിയ സര്‍വ്വവും തകര്‍ത്തു. ഡാമുകള്‍ തുറന്ന് വിട്ടത് പ്രളയത്തിനാക്കം കൂട്ടി. രക്ഷ നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും പിടിപ്പുകേടും പ്രളയം ചോദിച്ചുവാങ്ങിയതുപോലെയായി.
വെളളപ്പൊക്കക്കെടുതിയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനോ സുരക്ഷനല്കാനോ സാധിക്കാതെ സര്‍ക്കാര്‍ നിശ്ചലമായി. സൈന്യവും മത്സ്യപ്രവര്‍ത്തകരും സേവാഭാരതിപോലുളള സന്നദ്ധസംഘടനകളും സമൂഹവും നല്കിയ ദുരിതാശ്വാസപ്രവര്ത്തനങ്ങളായിരുന്നു ജനങ്ങള്‍ക്ക് ആശ്വാസമായത്. പുനഃസൃഷ്ടിക്ക് വ്യക്തമായ കര്മ്മപരിപാടിയില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍. കേരളത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന മുദ്രാവാക്യം ഉയര്‍ത്തി വനംകൊളളക്കാര്ക്കും ക്വാറികോണ്ട്രാക്ടര്മാര്ക്കും റിസോര്‍ട്ടുടമകള്‍ക്കും, ഭൂമാഫിയാക്കാര്ക്കും ലാഭമുണ്ടാക്കാനും തഴച്ചുവളരാനുമുളള സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ എന്ന ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ട്.
പ്രകൃതിസംരക്ഷണവും ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ പരിപാലനവും ഉറപ്പുവരുത്തിവേണം വികസനപദ്ധതികളും പുനരധിവാസവും നടപ്പാക്കാന്‍. വീടുകളും റോഡുകളും പ്രകൃതിസൗഹൃദനിര്മ്മിതികളിലൂടെ സാധ്യമാകുന്ന സുസ്ഥിരവികസനപദ്ധതി വേണം. ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റാനും അനുകൂലമായ ജനാഭിപ്രായം സൃഷ്ടിക്കാനും രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും വിദഗ്ധരുടെയും സംയുക്ത യോഗം അടിയന്തരമായി വിളിക്കണം, പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: