ബെംഗളൂരു: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 18 കോടിരൂപ കൈക്കൂലി വാങ്ങിയ കേസില്‍ കര്‍ണാടക മുന്‍മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡി അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യ പരിശോധനകള്‍ക്കു ശേഷം മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ റെഡ്ഡിയെ ഈ മാസം 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വ്യക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. റെഡ്ഡിയുടെ സെക്രട്ടറി അലിഖാനും അറസ്റ്റിലാണ്.
നിക്ഷേപ തട്ടിപ്പിലൂടെ 600 കോടി രൂപ വെട്ടിച്ച കേസിലെ പ്രതി സയിദ് അഹമ്മദ് ഫരീദാണ് റെഡ്ഡിക്കെതിരെ കേസ് നല്‍കിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്പ്പെടാതെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്കിയ റെഡ്ഡിക്ക് 18 കോടി രൂപ മൂല്യമുള്ള 57 കിലോ സ്വര്‍ണം നല്‍കിയതായാണ് അഹമ്മദ് ഫരീദിന്റെ ആരോപണം.
കോഴ ആരോപണത്തെ തുടര്‍ന്ന് റെഡ്ഡി ഒളിവിലായിരുന്നു. പോലീസ് തന്നെക്കുറിച്ച് വ്യാജപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ഒളിസങ്കേതത്തില്‍ നിന്ന് വീഡിയോ സന്ദേശങ്ങളയച്ചിരുന്നു. അതേസമയം ബെംഗളൂരുവില്‍ തന്നെ ഉണ്ടായിരുന്നു വെന്നും റെഡ്ഡി പറഞ്ഞു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: