ഗുരുഗ്രാം : പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി ഹരിയാന വിദ്യാഭ്യാസ വകുപ്പ് കാര്‍പൂള്‍ സംവിധാനം കൊണ്ടുവരുന്നു. ഛാത്ര പരിവഹന്‍ സുരക്ഷാ യാത്ര എന്ന പേര് നല്‍കിയിരിക്കുന്ന പദ്ധതി ഒമ്പതാം ക്ലാസ്സും അതിനു മുകളിലും പഠിക്കുന്ന പെണ്‍കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്ര സുരക്ഷിതമാക്കിക്കൊണ്ടുള്ളതാണ്.
ഇതുപ്രകാരം എസ്യുവി, ഓട്ടോ റിക്ഷ, മിനി ബസ്, തുടങ്ങിയവയില്‍ ഏതിനെങ്കിലും വിദ്യാര്‍ത്ഥിനികള്‍ക്ക് കൂട്ടുകാരുമൊത്ത് സംഘമായി സ്കൂളില്‍ എത്തിച്ചേരുന്നതിനും തിരിച്ചു പോകുന്നതിനും ഉപയോഗിക്കാം. ഇത്തരത്തില്‍ രക്ഷിതാക്കള്‍ക്കും മാതാപിതാക്കള്‍ക്കും ചെലവാകുന്ന തുക സംസ്ഥാന സര്‍ക്കാര്‍ തിരിച്ചു നല്‍കും.
എന്നാല്‍ ഇവരെക്കൊണ്ടു പോകുന്ന ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും ഹരിയാന സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. സാധുവായ ലൈസന്‍സ്, വെഹിക്കിള്‍ ഇന്‍ഷുറന്‍സ് പോളിസി, ഗതാഗത വകുപ്പിന്റെ അനുമതി പത്രം എന്നിവയുണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥിനികളുമായി യാത്ര ചെയ്യാന്‍ സാധിക്കൂ.
ഇത്തരത്തില്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം മിനിമം 60 ശതമാനം അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണ്. കൂടാതെ കുട്ടികളില്‍ ആരെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നു കൂടി പരിശോധിച്ച ശേഷമാകും യാത്രാചെലവ് തിരിച്ചു നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: