ചെന്നൈ : നിയമ വിരുദ്ധമായി ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ക്ക് അനുമതി നല്‍കിയെന്ന കേസില്‍ സിബിഐ ചുമത്തിയ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മാരന് സഹോദരന്മാര് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2004- 06ല്‍ സണ്‍ടിവി നെറ്റ്വര്‍ക്കിനുവേണ്ടി വീട്ടില്‍ നിയമവിരുദ്ധമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചെന്നതാണ് കേസ്.
ആഗസ്റ്റ് 30ന് സിബിഐ കോടതി മുന്‍ വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി ദയാനിധി മാരന്, സണ്‍ടിവി മേധാവി കലാനിധിമാരന് എന്നിവര്‍ ഉള്‍പ്പടെ കേസില്‍ ആറുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിെയ സമീപിക്കുകയും ഇതില്‍ നിന്ന് കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തിരുന്നു. അതിനുശേഷം പ്രത്യേക ജഡ്ജി കെ. വാസന്തി ഈ വിധി റദ്ദാക്കി 12 ആഴ്ചയ്ക്കകം ഇവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ മാരന് സഹോദരന്മാര് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം മന്ത്രിക്ക് മൂന്ന് ടെലിഫോണ്‍ സര്‍വീസ് പാടില്ലെന്ന് പറയുന്നില്ലെന്നും മാരന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. സിബിഐ ആരോപിക്കുന്നതു പോലെ 764 ടെലിഫോണ്‍ കണക്ഷനുകള്‍ ഉണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അത് പാടില്ലെന്ന് നിര്ദ്ദേശിക്കുന്നുമില്ലെന്നും മാരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: