കോഴിക്കോട്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥനെ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട് തിരിച്ചെടുത്തതായി ആരോപണം. പാലക്കാട് ജില്ലയില്‍ പട്ടഞ്ചേരി പഞ്ചായത്ത് ഓഫീസിലെ യുഡി ക്ലര്‍ക്ക് വി. രാമകൃഷ്ണനെയാണ് മന്ത്രി ജലീല്‍ ഇടപെട്ട് അന്വേഷണം പോലും നടത്താതെ തിരിച്ചെടുത്തത്.
2017 ജൂണ്‍ എട്ടിനാണ് വകുപ്പുതല അന്വേഷണത്തെ തുടര്‍ന്ന് രാമകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. ഇദ്ദേഹം നല്കിയ അപേക്ഷയില്‍ അന്വേഷണംപോലും നടത്താതെ ആറ് ദിവസത്തിനുശേഷം 14ന് ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് മന്ത്രി പഞ്ചായത്ത് വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയുണ്ടെന്ന് കെ.എം. ഷാജി എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എലപ്പുള്ളി പഞ്ചായത്തില്‍ മണ്ണ്, മണല്‍, കെട്ടിടനിര്‍മാണ മാഫിയകളെ സഹായിച്ചു എന്ന പരാതിയിലാണ് നടപടിയുണ്ടായത്. 146 കേസുകളില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചു എന്ന് കണ്ടെത്തിയിരുന്നു. അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് നീക്കം ചെയ്തയാളെ പുനരന്വേഷണം പോലുമില്ലാതെ തിരിച്ചെടുക്കുകയാണുണ്ടായത്.
ഡെപ്യൂട്ടേഷന് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കേരള സ്റ്റേറ്റ് മൈനോറിട്ടി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലേക്ക് ജനറല്‍ മാനേജരായി ബന്ധുവിനെ നിയമിച്ചത്. സിപിഎം കൊല്ലം ജില്ല സെക്രട്ടറിയുടെ കത്തുമായി അപേക്ഷിച്ച യോഗ്യതയുള്ള ഉദ്യോഗാര്ഥിയെപ്പോലും തഴഞ്ഞാണ് ബന്ധുനിയമനം നടത്തിയത്.
മന്ത്രി കെ.ടി. ജലീല്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണ്. വാചക കസര്‍ത്തുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന കറുത്ത മാന്യനാണ് ജലീല്‍. മന്ത്രിയെ പുറത്താക്കുന്നതുവരെ യൂത്ത്ലീഗ് സമരം തുടരും. യുഡിഎഫ് സമരത്തെ പിന്തുണക്കുന്നില്ലെന്ന വാദം തെറ്റാണ്. ഷാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: