റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ദാന്തേവാഡയിലെ ബച്ചേലിയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ ഇന്നലെ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ (സിഐഎസ്എഫ്) സൈനികനുള്‍പ്പെടെ നാലുപേര്‍ മരിച്ചു.
ദാന്തേവാഡയ്ക്കടുത്തുള്ള ബസ്തറില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പു ച്രചാരണത്തിനെത്തുന്ന പശ്ചാത്തലത്തിലാണ് സ്ഫോടനമെന്നത് ശ്രദ്ധേയമാണ്.
ആകാശ് നഗര്‍ ക്യാമ്പില്‍ നിന്നുള്ള മൂന്ന് സൈനികരുള്‍പ്പെടെ തെരഞ്ഞെടുപ്പ് ദൗത്യത്തിന് നിയോഗിക്കപ്പെട്ട ഏഴംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നതെന്ന് ബസ്തര്‍ ഐജി വിവേകാനന്ദ് പറഞ്ഞു.
ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലയാണിത്. ഇവിടെ, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ മാവോയിസ്റ്റുകള്‍ ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സിഐഎസ്എഫിനെ സ്ഥലത്ത് വിന്യസിക്കുകയായിരുന്നു. പത്തു ദിവസത്തിനുള്ളില്‍ പ്രദേശത്തു നടക്കുന്ന രണ്ടാമത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. ഒക്ടോബര്‍ 30ന് നടന്ന ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനെത്തിയ ദൂരദര്ശന് ക്യാമറാമാനും രണ്ട് പോലീസുകാരും മരിച്ചിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയാത്ത നിലാവാരയിലെ ജനങ്ങളെക്കുറിച്ച് വാര്‍ത്ത നല്കാന് പോകുന്നതിനിടെയാണ് ദൂരദര്ശന് സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ഈ മാസം 12, 20 തീയതികളിലാണ് ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: