ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ വര്‍ഷങ്ങളായി അധികാരത്തിനു പുറത്തുള്ള കോണ്‍ഗ്രസിന് ഇരട്ടിതലവേദനയായി ഇത്തവണ അജിത് ജോഗി-ബിഎസ്പി സഖ്യം. വികസനത്തിന്റെ കണക്കുമായി നാലാമതും അധികാരത്തിലേറാന്‍ ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസാന പ്രതീക്ഷയും തെറ്റിക്കുന്നു ഇവര്‍.
അജിത് ജോഗിയും മായാവതിയും ഒന്നിക്കുന്നത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നു. ഇത് ബിജെപിയുടെ വിജയം എളുപ്പമാക്കും. 2013ല്‍ ബിഎസ്പിക്ക് 4.27 ശതമാനം വോട്ടും ഒരു സീറ്റുമാണ് ലഭിച്ചത്.
ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രിയായ ജോഗി മുന്‍ കോണ്‍ഗ്രസ് നേതാവുമാണ്. പ്രവര്‍ത്തകസമിതിയില്‍ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് 2016ല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ചാണ് ജോഗി ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് (സിജെസി) രൂപീകരിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബിജെപിക്കും ബദലാവുമെന്നായിരുന്നു പ്രഖ്യാപനം. പകുതിയിലേറെ സീറ്റുകളില്‍ സിജെസി മത്സരിക്കും. ജോഗിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ബിഎസ്പിക്ക് പുറമെ സഖ്യത്തിലുള്ള സിപിഐക്ക് ഏതാനും സീറ്റുകള്‍ ലഭിക്കും.
1986ല്‍ രാജ്യസഭാ പ്രവേശനത്തിലൂടെയാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ജോഗി രാഷ്ട്രീയത്തിലിറങ്ങിയത്. 2013ലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മുഖ്യമന്ത്രി മഹേന്ദ്ര കര്‍മ, സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ 27 മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ നാമാവശേഷമാക്കിയ ആക്രമണത്തെക്കുറിച്ച് ജോഗിക്ക് അറിവുണ്ടായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. 2003ല്‍ എന്‍സിപി നേതാവ് രാം അവതാര്‍ ജഗ്ഗി കൊല്ലപ്പെട്ട സംഭവത്തില്‍ 2007ല്‍ ജോഗിയും മകന് അമിത് ജോഗിയും അറസ്റ്റിലായിരുന്നു. 2003ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി എംഎല്‍എമാരെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ജോഗിയുടെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു.
പ്രാദേശിക സഖ്യത്തെ എഴുതിത്തള്ളാനാകില്ലെന്നും മുപ്പതോളം സീറ്റുകളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു. അഞ്ച് മുതല്‍ ആറ് ശതമാനം വോട്ടുവരെ ഇവര്‍ക്ക് നേടാനാകും. എന്നാല്‍, ഇതില്‍ ബിജെപിക്ക് ആശങ്കയില്ല. കോണ്‍ഗ്രസിന്റെ വോട്ടുകളാകും സഖ്യം നേടുക, അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയ്ക്ക് സമാനമായി ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടായാല്‍ കുമാരസ്വാമിയെപ്പോലെ ചുളുവില്‍ മുഖ്യമന്ത്രിയാകാമെന്നാണ് ജോഗിയുടെ പ്രതീക്ഷ. ജോഗിയുടെ ഭാര്യ രേണു ജോഗി ഇപ്പോഴും കോണ്‍ഗ്രസിലാണ്. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി അവഗണിക്കുകയാണെന്ന് പരാതിപ്പെട്ട് അവര്‍ യുപിഎ അധ്യക്ഷ സോണിയക്ക് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: