ന്യൂദല്‍ഹി: ആര്‍ബിഐ സ്വതന്ത്രസ്ഥാപനമെന്നും അതില്‍ മോദി സര്‍ക്കാര്‍ ഇടപെടുന്നത് അധികാര ദുര്വിനിയോഗമെന്നുമുള്ള കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ക്ക് തിരിച്ചടി. മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ മകള്‍ ദമന്‍ സിങ്ങിന്റെ പുസ്തകമാണ് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയത്.
ധനമന്ത്രിയാണ് മേലധികാരിയെന്നും കേന്ദ്രം പറയുന്നത് അനുസരിക്കാന്‍ ആര്‍ബിഐക്ക് ബാധ്യതയുണ്ടെന്നും മന്മോഹന് സിങ് പറയുന്നതായാണ് 2014ല്‍ എഴുതിയ ‘തികച്ചും വ്യക്തിപരം, മന്മോഹനും ഗുരുചരണും’ എന്ന പുസ്തകത്തിലുള്ളത്. മുന്‍ ധനമന്ത്രിയും ആര്‍ബിഐ ഗവര്‍ണറുമായിരുന്ന മന്മോഹന് സിങ് താന്‍ ആര്ബിഐയിലായിരുന്ന കാലത്തെ കാര്യങ്ങളാണ് പറയുന്നത്:
ആര്‍ബിഐയും സര്‍ക്കാരും തമ്മിലുള്ളത് കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണ്. എന്നാല്‍, ചില നടപടികള്‍ എങ്ങനെ വേണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചാല്‍ അദ്ദേഹം പറയുന്നതാണ് നടപ്പാക്കേണ്ടത്. എല്ലായ്പ്പോഴും കൊടുക്കല്‍ വാങ്ങലുകളുണ്ട്. സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കണം. ധനമന്ത്രി നിര്‍ബന്ധിച്ചാല്‍ ഗവര്‍ണര്‍ക്ക് അത് നിരസിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ ജോലി കളയാന്‍ തയാറായിരിക്കണം. കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് ഗവര്‍ണര്‍ക്ക് നിര്‍ബന്ധം പിടിക്കാം. അത് പിന്തുടരണം.
1983ല്‍ ഇന്ദിരാ സര്‍ക്കാരുമായുണ്ടായ ഭിന്നതകള്‍ എങ്ങനെ മറികടന്നെന്നും പുസ്തകത്തിലുണ്ട്. ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം ആര്‍ബിഐയില്‍ നിന്ന് എടുത്തുമാറ്റാനുള്ള നീക്കമുണ്ടായപ്പോള്‍ മന്മോഹന് രാജിസന്നദ്ധത അറിയിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ഞാന്‍ പ്രണബിനും (ധനമന്ത്രി) പ്രധാനമന്ത്രിക്കും (ഇന്ദിരാ) രാജിക്കത്തയച്ചു. പിന്നെ മന്ത്രിസഭാ തീരുമാനം തെറ്റെന്ന് ഇന്ദിരയെ ബോധ്യപ്പെടുത്താനായി. അവര്‍ തീരുമാനം പിന്‍വലിച്ചു, സിങ് പറയുന്നു.
ബാങ്ക് ഓഫ് ക്രഡിറ്റ് ആന്‍ഡ് കൊമേഴ്സ് ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ രണ്ട് ബ്രാഞ്ചുകള്‍ തുറക്കാന്‍ അപേക്ഷ നല്‍കിയപ്പോഴാണ് ഈ സംഭവം. ഇക്കാര്യത്തില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. ചരണ്‍സിങ് പ്രധാനമന്ത്രിയായിരിക്കെ ഏറെക്കുറെ അനുമതി നല്കി. 83ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോള്‍ അന്തിമ അനുമതിയും നല്കി. ഈ എതിര്‍പ്പാണ് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള അധികാരം ആര്‍ബിഐയില്‍ നിന്ന് എടുത്തുകളയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
എസ്കോര്‍ട്ട്സ് ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങാന്‍ ലണ്ടനിലെ ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് പോളിന്റെ കപാരോ ഗ്രൂപ്പ് ശ്രമിച്ച സമയത്ത് താനും പ്രണബ് മുഖര്‍ജിയുമായി ഭിന്നതയുണ്ടായ കാര്യവും സിങ് ചൂണ്ടിക്കാട്ടുന്നു.
ആര്‍ബിഐയുടെ 9.5 ലക്ഷം കോടി കരുതല്‍ ശേഖരത്തില്‍ നിന്ന് മൂന്നര ലക്ഷം കോടി ബാങ്കുകള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ കേന്ദ്രം ചോദിച്ചതാണ് ഇപ്പോള്‍ വിവാദമായത്. ആര്‍ബിഐ വലിയ വ്യവസായികള്‍ക്ക് വായ്പ നല്കുന്നതില് നിയന്ത്രണവും കരുതലും പാലിക്കണമെന്നും ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പ പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്രം പറഞ്ഞതും വലിയ വിവാദമാക്കി. കേന്ദ്രം സമ്മര്‍ദം ചെലുത്തിയെന്നും ആര്‍ബിഐയെ തകര്‍ക്കുന്നെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതിനിടെയാണ് സര്‍ക്കാരാണ് ആര്‍ബിഐയുടെ യജമാനന് എന്ന് കൃത്യമായി പറയുന്ന ഡോ. മന്മോഹന് സിങ്ങിന്റെ വാക്കുകള്‍ പുറത്തുവന്നത്.
നെഹ്റുവും ഇടപെട്ടു
ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്തും സര്‍ക്കാര്‍ ആര്‍ബിഐയില്‍ ഇടപെട്ടിരുന്നു. ആര്‍ബിഐക്ക് സര്‍ക്കാരിനെ ഉപദേശിക്കാം, എന്നാല്‍ ആര്‍ബിഐയും സര്‍ക്കാര്‍ നയവുമായി യോജിച്ചുപോകണമെന്നും നെഹ്റു അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ബനിഗള്‍ രാമറാവുവിന് കത്തയച്ചിരുന്നു. തുടര്‍ന്ന് റാവു രാജിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: