കൊച്ചി: ആറന്മുള കണ്ണാടി ലോകം അംഗീകരിച്ച കലാ-ശാസ്ത്ര മികവെന്ന് മുന്‍ സ്ഥാനപതി ഡോ.ടി.പി. ശ്രീനിവാസന്‍. ഏത് പ്രളയത്തിനും ചെറുത്തു നില്‍പിന്റെയും തിരിച്ചു വരവിന്റെയും ഒരു മറുവശമുണ്ട്, കേരളം അതിനൊരു മാതൃകയാണ്. പ്രളയബാധിതരായ പരമ്പരാഗത ആറന്‍മുള കണ്ണാടി നിര്‍മ്മാണത്തെയും കലാകാരന്മാരെയും പുനരുദ്ധരിക്കാന്‍ ആറന്‍മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ പരമ്പരാഗത കരകൗശല മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് ആറന്‍മുള കണ്ണാടി നിര്‍മ്മാണ കുടുംബങ്ങളുടെ പുനരുധാരണത്തിനുള്ള ധനശേഖരണാര്‍ത്ഥം ദേശീയ പരമ്പരാഗത കരകൗശല മേള നടക്കുന്നത്. ആറന്മുള ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മറ്റി ചെയര്‍മാന്‍ ആര്‍കിടെക്ട് ബി.ആര്‍ അജിത് അധ്യക്ഷനായി. വിപണിയില്‍ ലഭ്യമായ ഏത് ഉല്‍പന്നത്തിന്റെയും വിലക്കുറഞ്ഞ മോഡല്‍ നിര്‍മ്മിക്കുന്ന ചൈനക്കാര്‍ക്ക് നിര്‍മ്മിക്കാന്‍ സാധിക്കാത്ത ആറന്‍മുള കണ്ണാടിയെയും നിര്‍മാണ മേഖലയിലുള്ള കുടുംബങ്ങളെയും സംരക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു.
ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ട്രസ്റ്റി അജയന്‍ പുല്ലാട്, കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ ശശികുമാര്‍, ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. നവംബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ബീഹാര്‍, രാജസ്ഥാന്‍, ഒഢീഷ, മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, പോണ്ടിച്ചേരി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പരമ്പരാഗത കലാകാരന്മാരുടെ സ്റ്റാളുകള്‍ക്കുപുറമെ സംസ്ഥാനത്തെ പരമ്പരാഗത കലാകാരന്മാരുടെ സ്റ്റാളുകളുമുണ്ട്.
















