കാക്കനാട്: ഭരണഭാഷ മാതൃഭാഷ എന്ന ആശയം പൂര്‍ണ്ണമാകണമെങ്കില്‍ ജില്ലകളില്‍ പദങ്ങളുടെ ഏകീകരണം നടത്തേണ്ടത് അനിവാര്യമാണെന്ന് സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ.കെ.ജി.പൗലോസ്. മലയാളദിന, ഭരണഭാഷാ വാരാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ നിര്‍വ്വഹിക്കുകയായിരുന്നു. തര്‍ജ്ജമകളില്‍ ഇതര ഭാഷകളുടെ കടന്നുകയറ്റം ശക്തമാണ്്. ഭാഷയില്‍ ഏകീകരണമാണ് വേണ്ടത്. എങ്കില്‍ മാത്രമേ സംവദിക്കുന്നതും ഗ്രഹിക്കുന്നതും ഒന്നാകു.
പൗരന്റെ പ്രശ്‌നമറിയാനും പരിഹാരം കാണാനുമുള്ള മനസ് ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം. ക്ലാസ് മുറി, കോടതി, ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം മലയാളത്തിന് പ്രാമുഖ്യം നല്‍കണം, അദ്ദേഹം പറഞ്ഞു. മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണ്. വിദേശരാജ്യങ്ങള്‍ക്ക് മലയാളഭാഷയോടുള്ള ആദരവ് നമ്മളും കാണിക്കണം.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതിനെ തുടര്‍ന്ന് സംഭവിച്ച കൈപ്പിഴയാണ് ഇംഗ്ലീഷിനോടുള്ള വിധേയത്വം. വിദേശഭാഷകളില്‍ മക്കള്‍ക്ക് ട്യൂഷന്‍ നല്‍കാന്‍ തിരക്കുകൂട്ടുന്ന മാതാപിതാക്കള്‍ അവര്‍ക്ക് മാതൃഭാഷ ചിട്ടപ്പെടുത്തിനല്‍കണമെന്ന് ചിന്തിക്കുന്നില്ല. ഇംഗ്ലീഷില്‍ അക്ഷരവിന്യാസത്തിനു നല്‍കുന്ന പ്രാധാന്യം മലയാളത്തില്‍ നല്‍കുന്നുമില്ല. വ്യവഹാരഭാഷയല്ല മാനകഭാഷ. ഭരണഭാഷ പഠിക്കുന്നതിന് കൃത്യമായ രീതിയില്‍ മലയാളഭാഷയും ഭാഷയുടെ ഗതിവിഗതികളും പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊച്ചി: സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് എക്‌സൈസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ക്ലബ്ബ് ഡേയും കേരളപ്പിറവിയും ആഘോഷിച്ചു. കൊച്ചി ടാക്‌സ് ഓഫീസിലെ പരിപാടിയില്‍ ചീഫ് കമ്മീഷ്ണര്‍ പുല്ലേല നാഗേശ്വര റാവു അധ്യക്ഷനായി. ചലച്ചിത്ര താരം അനു സിത്താര ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് ചെയര്‍മാന്‍ ജിമ്മി ജോസഫ്, ക്ലബ് ചെയര്‍മാന്‍ കെ.ആര്‍ ഉദയ് ഭാസ്‌കര്‍, കമ്മീഷ്ണര്‍ വിരേന്ദര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഏലൂര്‍: ഏലൂര്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കുറ്റിക്കാട്ടുകര ഗവ യുപി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷവും റൈസ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പിടിഎ പ്രസിഡന്റ് സിന്ധു അനില്‍ അധ്യക്ഷയായി. ഏലൂര്‍ എസ് ഐ നെല്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അല്‍ഫോണ്‍സ ജോയി കോയിക്കര മുഖ്യ പ്രഭാഷണം നടത്തി. ജനമൈത്രി കോര്‍ഡിനേറ്റര്‍ സിആര്‍ഒ ഷിബു ചെറിയാന്‍, ഷാജി ഇടപ്പള്ളി, എസ്എംസി പ്രതിനിധി പി.എം. ആണ്ടവന്‍, പ്രധാനാധ്യാപിക ടി.എം. ആമിന സംസാരിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പങ്കാളിത്തം വഹിച്ച് തിരഞ്ഞെടുക്കപ്പെട്ടവരില്‍ രക്തദാനം നടത്തിയവര്‍ക്കും, വ്യത്യസ്ത മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കും റൈസ് ഉണര്‍വ് പദ്ധതിയുടെ ഭാഗമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
കുന്നുകര: കുന്നുകര ഗവ. ജെബി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി. കുട്ടികളുടെ കേരളം പ്രദര്‍സനം, കേരളം അറ്റ്‌ലസ് നിര്‍മാണം ,നവ കേരളം ചിത്ര രചന, കേരളീയ ഗാനങ്ങള്‍, കൊളാഷ്, പ്രസംഗം, പ്രശ്‌നോത്തരി എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പ്രധാനധ്യാപക കെ.വി സുരജ നേതൃത്വം നല്‍കി.
വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഭാഷ മതിയാകുന്നില്ല; ബെന്യാമിന്‍
കൊച്ചി: ആധുനിക കാലത്തെ ഭാഷ ചിഹ്നങ്ങള്‍ക്ക് വഴിമാറിയതിനാല്‍ ഇന്ന് നവ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഇമോജി എന്ന ചിഹ്നങ്ങള്‍ക്ക് തുല്യമായ വികാരങ്ങള്‍ ഭാഷകൊണ്ട് അടയാളപ്പെടുത്താന്‍ കഴിയില്ലെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. സമസ്ത കേരള സാഹിത്യപരിഷത് സംഘടിപ്പിച്ച മലയാള ഭാഷാ ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഭാഷയിലെ മാറ്റങ്ങള്‍ വേഗമാണ് മലയാളി സ്വീകരിച്ചത്. ആചാരലംഘനങ്ങള്‍ ഭാഷയില്‍ നടത്തിയതിന് ശേഷമാണ് ഇവിടെ എത്തിച്ചേര്‍ന്നത്.
1200 ലധികം ഉണ്ടായിരുന്ന മലയാള അക്ഷരങ്ങളില്‍നിന്ന് പല കാലങ്ങളില്‍ വെട്ടിച്ചെറുതാക്കല്‍ നടത്തിതാണ്് ഇന്നത്തെ 52 അക്ഷരത്തില്‍ എത്തിയത്. എന്നാല്‍ ഇന്ന് ആ 52ല്‍ നിന്ന് വെട്ടിക്കുറച്ച് 26 ആക്കാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ആചാരങ്ങളില്‍ വല്ലാതെ മുറുകെ പിടിച്ചിരിക്കുന്ന സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു. അറിവുകളുടെ പങ്കുവെപ്പാണ് ഇന്റര്‍ നെറ്റിന്റെ ഏറ്റവും വലിയ സംഭാവന.
മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റും സമസ്ത കേരള സാഹിത്യപരിഷത് പ്രസിഡന്റുമായ സി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി ഡോ.ടി.എന്‍.വിശ്വംഭരന്‍, വിവിധ വിഷയങ്ങളില്‍ വിശ്വപ്രഭ, മൈന ഉമൈബാന്‍, വി.കെ. ആദര്‍ശ് എന്നിവര്‍ പ്രഭാഷണം നടത്തി. കവി സമ്മേളനം പ്രൊഫ. ജെ.ടി. ആമ്പല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ചന്തിരൂര്‍ ദിവാകരന്‍ അധ്യക്ഷനായി. പി.യു. അമീര്‍ സംസാരിച്ചു.
















