തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാര്ക്കായി കേന്ദ്രീകൃത കണ്ട്രോള് റൂം ഒരുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. മണ്ഡല, മകരവിളക്ക് ഉത്സവക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്നിധാനത്തോ പമ്പയിലോ കണ്ട്രോള് റൂം സ്ഥാപിക്കണമെന്നും വിവിധ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥന്റെ സാന്നിധ്യം വേണമെന്നും ഉന്നത ഉദ്യോഗസ്ഥന് നല്‍കണമെന്നും യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
1 അടിയന്തര മെഡിക്കല്‍ സെന്ററുകള്‍ സ്ഥാപിക്കും. അവിടെ വിവിധ ഭാഷകള്‍ അറിയാവുന്ന കാര്‍ഡിയോളജിസ്റ്റുകളെ നിയോഗിക്കും.
2 കണ്ട്രോള് റൂമുകളില്‍ വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ളവരെ നിയോഗിക്കും.
3 പമ്പയിലും സന്നിധാനത്തും അന്നദാന കൗണ്ടറുകള്‍ തുറക്കും.
4ശുദ്ധജല വിതരണം, ടോയ്ലെറ്റ് സൗകര്യം എന്നിവ കാര്യക്ഷമമാക്കും
5അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍ ആരംഭിക്കും.
6 പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ നടപ്പന്തലും ടോയ്ലെറ്റ് കോംപ്ലക്സുകളും നവംബര്‍ 15 ന് മുമ്പ് പുനര്‍നിര്‍മിക്കും.
7 നിലയ്ക്കലില്‍ 10,000 പേര്‍ക്ക് വിരിവയ്ക്കാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യങ്ങളോടെ ബേസ്ക്യാമ്പ് തയാറായി.
8അന്യസംസ്ഥാനക്കാര്‍ക്ക് ആംബുലന്‍സ് ഏര്‍പ്പെടുത്തും.
9 നിലയ്ക്കല്‍ കഴിഞ്ഞാല്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ല.
ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ആഭ്യന്തര സെക്രട്ടറി സുബ്രതാ വിശ്വാസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹറ, ശബരിമല ഉപദേശക സമിതി ചെയര്മാന് ടി.കെ.എ. നായര്‍, ഫയര്‍ഫോഴ്സ് മേധാവി എ.ഹേമചന്ദ്രന്, എഡിജിപി അനില്‍കാന്ത്, ഐജി മനോജ് എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
തമിഴ്നാട് ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി അപൂര്‍വ വര്‍മ, കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗംഗാറാം ബദരയ്യ, സ്റ്റേറ്റ് എമര്‍ജന്‍സി കോര്‍ഡിനേറ്റര്‍ പ്രദീപ് കെ.കെ., തെലങ്കാന വിജിലന്‍സ് ജോയിന്റ് കമ്മീഷണര്‍ എം.എം.ഡി.കൃഷ്ണവേണി, ആന്ധ്ര എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് സൂപ്രണ്ടിംഗ് എഞ്ചീനിയര്‍ സുബ്ബറാവു, പുതുച്ചേരി ദേവസ്വം കമ്മീഷണര്‍ തിലൈവേല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: