തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം പരാജയപ്പെട്ടതിനു പിന്നാലെ യോഗത്തില്‍ പല കാര്യങ്ങളിലും പിന്തുണ നേടാനുള്ള കേരളത്തിന്റെ നീക്കവും പാളി.
തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമാണു അവിടുത്തെ മന്ത്രി പങ്കെടുക്കാത്തതെന്നു പറഞ്ഞ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്, കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാലും ആന്ധ്രയില്‍ വലിയൊരു റാലിനടക്കുന്നതിനാലും, തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലും പുതുച്ചേരിയില്‍ മന്ത്രിസഭായോഗമുള്ളതുകൊണ്ടുമാണ് മന്ത്രിമാര്‍ വരാതിരുന്നതെന്ന് പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത അന്യസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിയതും അതിന് മറുപടി പറയേണ്ട ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതും ദേവസ്വംമന്ത്രിക്കും തിരിച്ചടിയായി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണ ദേവസ്വം മന്ത്രി ആവശ്യപ്പെട്ടെങ്കിലും പങ്കെടുത്ത ഉദ്യോഗസ്ഥരാരും അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. സ്ത്രീപ്രവേശനത്തിനെതിരെ കര്‍ണാടകയുടെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്ന് കര്‍ണാടക പ്രതിനിധികള്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സേനയെ വിട്ടുകിട്ടണമെന്ന ആവശ്യം നടപ്പാക്കാനാവില്ലെന്ന് തമിഴ്നാട് തുറന്നടിച്ചു. ശബരിമലയില്‍ അഞ്ചേക്കര്‍ സ്ഥലം നല്‍കാമെന്ന കേരളസര്‍ക്കാരിന്റെ തീരുമാനത്തിന് പകരമായി, പളനിയില്‍ അഞ്ചേക്കര്‍സ്ഥലം കേരളത്തിന് നല്കാമെന്നറിയിച്ചിട്ടും കേരള സര്‍ക്കാര്‍ യാതൊരു താല്‍പ്പര്യവും കാട്ടിയില്ലെന്ന് തമിഴ്നാട് പ്രതിനിധികള്‍ പറഞ്ഞു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തിനെ കര്‍ണാടകയും തെലങ്കാനയും വിമര്‍ശിച്ചു. തങ്ങളുടെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഭൂരിപക്ഷവും ഗ്രാമീണമേഖലകളിലുള്ളവരാണെന്നും ഇവരൊന്നും സ്മാര്ട്ട്ഫോണുള്ളവരല്ലെന്നും അവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലയ്ക്കല്‍ വരെ മാത്രം സ്വകാര്യവാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതില്‍ പുനഃപരിശോധനവേണമെന്ന് കര്‍ണാടകയും ആന്ധ്രയും ആവശ്യപ്പെട്ടു. കര്‍ണാടകയില്‍നിന്നുള്ള ചെറിയവാഹനങ്ങള്‍ക്ക് പമ്പവരെ പ്രവേശനം നല്‍കണമെന്ന് കര്‍ണാടകയും തങ്ങളുടെ ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്ക് പമ്പയില്‍ പാര്‍ക്കിങ് ഒരുക്കണമെന്നു ആന്ധ്രയും ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത ഭക്ഷണവിതരണവും വെള്ളത്തിന്റെ അപര്യാപ്തതയും മറ്റു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: