തൃശൂര്‍: കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനെ പ്രതിരോധിക്കാന്‍ പോലീസ് സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 766 പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പോലീസിലെ സാങ്കേതിക വിദ്യ ഉയര്‍ന്നിരിക്കയാണ്. ‘രക്ഷ’ എന്ന മൊബൈല്‍ ആപ്പ് വഴി സേനയിലെ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥരുട വരെ നന്പറുകളും ഇ-മെയിലുകളും ലഭ്യമാണ്. ഇതുവഴി ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കൂടുതല്‍ അവസരങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്കിലെ പോലീസ് സേനയ്ക്ക് കിട്ടുന്നതിലും കൂടുതല്‍ അംഗീകാരമാണ് കേരളത്തിലെ പോലീസിന് ലഭിക്കുന്നത്. ജനങ്ങള്‍ നല്കുന്ന സ്നേഹവും പരിഗണനയുമാണ് കേരള പോലീസിന് ഊര്‍ജമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മേയര്‍ അജിത ജയരാജന്, ഡിജിപി ലോക്നാഥ് ബെഹ്റ, ഐജി എം.അജിത്കുമാര്‍, എഡിജിപി ബി.സന്ധ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെഎപി ഒന്നാം ബറ്റാലിയനിലെ 320 പേര് രാമവര്‍മപുരം ആസ്ഥാനത്തും കെഎപി രണ്ടാം ബറ്റാലിയനിലെ 338 പേര് പാലക്കാട് ജില്ലയില്‍ മുട്ടിക്കുളങ്ങരയിലുള്ള ബറ്റാലിയന് ആസ്ഥാനത്തുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 108 പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ പരിശീലനാര്‍ഥികള്‍ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: