തിരുവനന്തപുരം: കോടികളുടെ മരങ്ങള്‍ മുറിച്ചുകടത്താന്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെ ടെണ്ടര്‍. തൃശൂര്‍ മുപ്പീലിവാലി, പാലപ്പിള്ളി എസ്റ്റേറ്റുകളിലെ 4000ത്തിലധികം ഏക്കര്‍ ഭൂമിയിലെ റബ്ബര്‍മരങ്ങള്‍ മുറിച്ചുകടത്താനാണ് ടെണ്ടര്‍ ക്ഷണിച്ചത്. ഒരു കോടി രൂപയാണ് നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടത്. കഴിഞ്ഞ ദിവസം നിരതദ്രവ്യം സ്വീകരിച്ചു. എന്നാല്‍, റവന്യു, വനം വകുപ്പുകള്‍ക്കോ, എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിനോ ഇതേക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.
മറ്റുതോട്ടങ്ങളിലെ റബര്‍ മുറിക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കിയതിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇതെന്നാണ് ആരോപണം. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനു മുമ്പ് കോടികള്‍ വിലവരുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനാണ് ഹാരിസണ്‍ നടപടി തുടങ്ങിയത്. 13ന് കൊച്ചിയിലെ ഹാരിസണ്‍ ഓഫീസിലാണ് ടെണ്ടറിന്റെ നടപടിക്രമങ്ങള്‍.
ഹാരിസണിന്റെ നാലു ജില്ലകളിലെ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് സുപ്രീംകോടതി ശരിവച്ചു. ഈ സാഹചര്യം മറയാക്കി റബ്ബര്‍മരങ്ങള്‍ മുറിക്കുന്നെന്ന വ്യാജേനയാണ് കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ വനഭൂമി ഉള്‍പ്പെടുന്ന എസ്റ്റേറ്റില്‍ നിന്നു മുറിച്ചുമാറ്റുന്നത്. അതേസമയം, മറ്റു ജില്ലകളില്‍ ഹാരിസണ്‍ അനധികൃതമായി കൈവശംവച്ച ഭൂമികള്‍ പരിശോധിക്കാനും രേഖകള്‍ വിളിച്ചുവരുത്താനുമുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഹാരിസണിന് റവന്യുരേഖകള്‍ നല്‍കുന്നതും മരംമുറിക്കുന്നത് വിലക്കിയും സ്പെഷ്യല്‍ ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെ ഒരു കോടതിയും സ്റ്റേ ചെയ്തിട്ടില്ല. ഫലത്തില്‍ മരം മുറിക്കാന്‍ അനുമതിയില്ല.
ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാരിനോട് കോടതികള്‍ വ്യക്തമാക്കിയിരുന്നു. ഹാരിസണ്‍ ഭൂമി സര്‍ക്കാരിന്റേതെന്നാണ് റവന്യു വകുപ്പിന്റെയും പ്രതികരണം. തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയതിനിടെയാണ് ഹാരിസണിന്റെ നടപടി.
ഹാരിസണിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയില്‍ കേസുണ്ട്. അതോടെ, അവരുടെ രണ്ട് റബര്‍ പ്രോസസിങ് ഫാക്ടറികളുടെ ലൈസന്‍സ് റദ്ദാക്കി. ഇവര്‍ക്ക് റവന്യു രസീതുകള്‍ നല്‍കുന്നത് വിലക്കി റവന്യു വകുപ്പ് ഉത്തരവുമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: