തൃശൂര്‍: തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും കേസരി വാരികയുടെ മുഖ്യപത്രാധിപരുമായിരുന്ന ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന് എം.എ. കൃഷ്ണന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി തൃശൂരില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന് സമാപനം.
സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്കൃത സമ്മേളനം സംസ്കൃത ഭാരതി സംസ്ഥാന അധ്യക്ഷന്‍ പണ്ഡിതരത്നം ഡോ.പി.കെ. മാധവന് ഉദ്ഘാടനം ചെയ്തു. മലയാളമടക്കമുള്ള ഭാരതീയ ഭാഷകളുടെ ചൈതന്യം ആവാഹിക്കുന്നത് സംസ്കൃതമാണ്. മലയാളവും സംസ്കൃതവും രണ്ടല്ല. ഇരു ഭാഷകളെയും സമ്മേളിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകണം. എന്നാല്‍, സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സാഹിത്യ അക്കാദമിയും സാഹിത്യ പ്രസ്ഥാനങ്ങളും യാതൊന്നും ചെയ്യുന്നില്ലെന്ന് ഡോ.പി.കെ. മാധവന് അഭിപ്രായപ്പെട്ടു.
സാഹിത്യകാരന് മാടമ്പ് കുഞ്ഞുക്കുട്ടന് അധ്യക്ഷനായി. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ സര്‍ക്കാരുകളുടെ അനാസ്ഥയാണ് സംസ്കൃതത്തിന്റെ പ്രചാരം കുറയാന്‍ ഇടയാക്കിയതെന്നും, രണ്ടു സമുദായങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ കഴിവുള്ള സംസ്കൃത ഭാഷയെ ഉത്സവമായി ആഘോഷിക്കണമെന്നും മാടമ്പ് പറഞ്ഞു.
ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രം ‘പ്രിയമാനസ’ത്തിന്റെ സംവിധായകന് വിനോദ് മങ്കരയെ ചടങ്ങില്‍ ഡോ.പി.കെ. മാധവന് ആദരിച്ചു. തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെ. ലക്ഷ്മിനാരായണന്, സി. രജിത്കുമാര്‍, തപസ്യ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.സി. സുരേഷ്, തൃശ്ശിവപുരം മോഹനചന്ദ്രന്, എം.ആര്. രമേശന് എന്നിവര്‍ പ്രസംഗിച്ചു.
ബാലസാഹിത്യോത്സവം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാ സെക്രട്ടറി ഷാജു കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് ശ്രീജിത്ത് മൂത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രമോഹന് കുമ്പളങ്ങാട്, എന്‍. സ്മിത, സുധാകരന് പാവറട്ടി, തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്. നീലാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.
‘എം.എ. കൃഷ്ണന്- സാമൂഹ്യ പരിഷ്കരണത്തിന്റെ നാള്‍വഴികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ്, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, മുരളി പാറപ്പുറം, കുമാര്‍ ചെല്ലപ്പന് എന്നിവര്‍ പ്രസംഗിച്ചു. സംസ്കൃത ചലച്ചിത്രം ‘പ്രിയമാനസ’ത്തിന്റെ പ്രദര്‍ശനവും, ‘കുചേലവൃത്തം’ കഥകളിയും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: