തിരുവനന്തപുരം : ശബരിമല ആചാര സംരക്ഷണത്തിനായി ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു. നവംമ്പര്‍ 8 മുതല്‍ 13 വരെ കാസര്‍കോടു നിന്ന് ശബരിമലയിലേക്ക് എന്‍ഡിഎയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും യാത്ര നയിക്കും. കാസര്‍കോട് മധൂര്‍ ക്ഷേത്രാങ്കണത്തില്‍ തുടങ്ങി പത്തനംതിട്ട ജില്ലയില്‍ അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ഡിജിപി ഓഫീസിനു മുന്നില്‍ രാവിലെ 10 മുതല്‍ പി.എസ്. ശ്രീധരന് പിള്ളയുടെ നേതൃത്വത്തില്‍ ഉപവാസസമരം സംഘടിപ്പിക്കും. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ നാളെ എസ്പി ഓഫീസ് മാര്‍ച്ച് നടത്തും. നവംബര്‍ 2 ന് നിയമസഭാമണ്ഡലാടിസ്ഥാനത്തില്‍ ശബരിമലയ്ക്കായി സ്വയംസമര്പ്പിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന അര്പ്പണപ്രതിജ്ഞാ പരിപാടികള്‍ സംഘടിപ്പിക്കും. നട തുറക്കുന്ന അഞ്ചിനും ആറീനും വിശ്വാസികളുടെ സമരത്തിന് പിന്തുണ നല്കാന് ബിജെപിയുണ്ടാകും.
അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രക്ഷോഭപരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു. വിശ്വാസികളുടെ വികാരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള അപ്രഖ്യാപിത യുദ്ധം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. പുണ്യഭൂമിയായ ശബരിമല സംഘര്‍ഷഭൂമി ആണ് എന്ന് വരുത്തിത്തീര്‍ത്ത് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: