ഇടുക്കി: ചരിത്രം കുറിച്ച് ജലവൈദ്യുത പദ്ധതികളിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ കണക്ക് അഞ്ചക്കം കടന്നു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 10081.535 ദശലക്ഷം (1008 കോടി) യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ് ഈ മഴവര്‍ഷം ഇതുവരെ ഒഴുകിയെത്തിയത്. ജൂണ്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള കണക്കാണിത്. മൊത്തം സംഭരണശേഷിയുടെ ഏതാണ്ട് രണ്ടര ഇരട്ടിയോളം ആണിത്.
മുന്‍വര്‍ഷം ഇതേസമയം ഇത് 4301.691 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. 2007ലാണ് ഇതിന് മുമ്പ് ഏറ്റവും അധികം വെള്ളം ഒഴുകിയെത്തിയത്. 7690.072 ദശലക്ഷം യൂണിറ്റായിരുന്നു അന്ന്. ജൂണ്‍ മുതല്‍ ഇതുവരെ 4117.3541 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചപ്പോള്‍ നിലവില്‍ 3346.624 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് സംഭരണികളില്‍ ഉള്ളത്.
ഇതുവരെ ഏതാണ്ട് 5400 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുക്കി കളഞ്ഞു എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 4240ഉം ആഗസ്റ്റിലാണ്. ഒരു സംഭരണി തുറന്നത് വഴി അടുത്ത സംഭരണിയിലേക്കെത്തുന്ന വെള്ളം ഈ കണക്കില്‍പെടില്ല. പ്രളയത്തിലും അല്ലാതെയും നിരവധി സംഭരണികളാണ് മാസങ്ങളോളം കാലവര്‍ഷത്തില്‍ തുറന്നിരുന്നത്. മഴക്കാലം ആരംഭിച്ച മെയ് 29ന് ബോര്‍ഡിന്റെ കീഴിലുള്ള പ്രധാന സംഭരണികളിലാകെ 983.687 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളം ഉണ്ടായിരുന്നു.
4140.252 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് സംഭരണികളിലാകെ ശേഖരിക്കാനാകുക. അതായത് നിലവില്‍ കെഎസ്ഇബി വൈദ്യുതി വില്‍ക്കുന്ന നാല് രൂപ വച്ച് കണക്ക് കൂട്ടിയാല്‍ മൊത്തം സംഭരണികളും നിറഞ്ഞാല്‍ 1656.1 കോടിയുടെ വെള്ളം. കെഎസ്ഇബിയുടെ കീഴിലാകെ ചെറുതും വലുതുമായ 57 ഡാമുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ പ്രധാനപ്പെട്ട 16 സംഭരണികളിലെ കണക്കുകള്‍ മാത്രമാണ് വകുപ്പ് ശേഖരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: