തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്സോ കുറ്റം ചുമത്തപ്പെട്ട വികാരി വീണ്ടും അള്‍ത്താരയില്‍ കയറി ദിവ്യബലി അര്‍പ്പിച്ചു. തൃശൂര്‍ അതിരൂപത വിധിച്ച സസ്പെന്ഷന് നിലനില്‍ക്കേയാണ് സംഭവം. വികാരിക്കും അതിരൂപതാ നേതൃത്വത്തിനുമെതിരെ വിശ്വാസികളുടെ വന്‍പ്രതിഷേധം.
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫാ. രാജു കൊക്കനാണ് വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ ദിവ്യബലി അര്‍പ്പിച്ചത്. സെപ്തംബര്‍ ഒമ്പതിന് തിരുന്നാളിനോടനുബന്ധിച്ച് അള്‍ത്താരയില്‍ പ്രവേശിച്ച ഫാ. രാജു ദിവ്യബലി അര്‍പ്പിക്കല്‍ അടക്കമുള്ള തിരുക്കര്‍മ്മങ്ങളില്‍ പങ്കാളിയായി. ബാലപീഡന കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് പൗരോഹിത്യ ചുമതലകളില്‍ നിന്നു നീക്കിയ ഫാ. രാജുവിന് ദിവ്യബലി അര്‍പ്പിക്കാന്‍ വീണ്ടും അവസരം ഒരുക്കിയതിനു പിന്നില്‍ അതിരൂപതയുടെ മൗനാനുമതിയുണ്ടെന്നാണ് വിശ്വാസികളുടെ ആരോപണം.
പൗരോഹിത്യ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തിയ വികാരി ദിവ്യബലി അര്‍പ്പിച്ചത് തെറ്റാണെന്നും സഭാവിശ്വാസങ്ങള്‍ക്ക് എതിരാണെന്നും വിശ്വാസികള്‍ ചൂണ്ടിക്കാട്ടി. അവസരം നല്കിയ വെണ്ടോര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.ഡേവിസ് ജോസഫ് പുലിക്കോട്ടിലും അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഭാവിശ്വാസങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ആര്‍ച്ച് ബിഷപ്പിന്റെ അറിവോടെ നടന്നിട്ടുള്ള സംഭവം കത്തോലിക്ക സഭയെ അപമാനിക്കുന്നതാണെന്നും വിശ്വാസികള്‍ പറയുന്നു.
തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന ഫാ. രാജു കൊക്കനെ 2014ലാണ് സസ്പെന്‍ഡ് ചെയ്തത്. ആദ്യകുര്‍ബാന സ്വീകരണത്തിന് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞ് ഇടവകയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീട്ടിലെ ഒമ്പതു വയസുകാരിയെ 2014 ഏപ്രില്‍ എട്ടിന് പള്ളിമേടയിലേക്കു വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പുതിയ വസ്ത്രങ്ങള്‍ക്കുള്ള അളവെടുക്കാനെന്ന വ്യാജേന കുട്ടിയെ വിവസ്ത്രയാക്കിയ ശേഷം ഫാ. രാജു കൊക്കന് കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ എട്ട്, 11, 24 തിയതികളില്‍ പീഡനത്തിനിരയാക്കിയെന്നാണ് ഫാ. രാജു കൊക്കനെതിരേയുള്ള കേസ്.
സംഭവം പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഫാ. രാജു കൊക്കനെ നാഗര്‍കോവിലിനടുത്തുള്ള പൂതപ്പാണ്ടിയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 2014 മെയ് നാലിന് പോലിസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: