തിരുവനന്തപുരം: എബിവിപി സംസ്ഥാന കാര്യാലയത്തിനു നേരെ എസ്എഫ്ഐ ആക്രമണം. ജനല്‍ചില്ലുകളും ഇരുചക്രവാഹനങ്ങളും അടിച്ചുതകര്‍ത്ത അക്രമിസംഘം പെട്രോള്‍ ബോംബെറിഞ്ഞു. കണ്ടാലറിയാവുന്ന എസ്എഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ 12 മണികഴിഞ്ഞപ്പോഴാണ് മൂന്നു ബൈക്കുകളിലെത്തിയ സംഘം വഞ്ചിയൂര്‍ ധര്‍മദേശം ലെയ്നിലെ സുപ്രഭ എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എബിവിപി ഓഫീസിനുനേരെ ആക്രമണം നടത്തിയത്. എബിവിപി ഓഫീസെന്നു തെറ്റിദ്ധരിച്ച സംഘം ഓഫീസിനോട് ചേര്‍ന്ന വീട്ടിലാണ് ആദ്യം ആക്രമണം നടത്തിയത്. വീടിന്റെ ജനലുകള്‍ മുഴുവന്‍ തല്ലിത്തകര്‍ത്ത സംഘം ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും തല്ലിത്തകര്‍ത്തു. ഇതില്‍ ഒരു ബൈക്ക് സമീപത്തുള്ള ഒരു സ്ഥാപനത്തിന്റെ ജീവനക്കാരന്റേതായിരുന്നു.
ശബ്ദം കേട്ട് എബിവിപി പ്രവര്‍ത്തകര്‍ ഓഫീസില്‍ ലൈറ്റ് തെളിയിച്ചതോടെ ഓഫീസിനുള്ളിലേക്ക് അക്രമികള്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. ഓഫീസ് സെക്രട്ടറിയും മറ്റു മൂന്നു വിദ്യാര്‍ത്ഥികളുമാണ് ഓഫീസിലുണ്ടായിരുന്നത്. സംഭവസ്ഥലത്തുനിന്നും എസ്എഫ്ഐയുടെ ചിഹ്നം പതിച്ച വടികള്‍ കണ്ടെടുത്തു.
വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം എബിവിപി ആറ്റിങ്ങല്‍ മേഖലാസെക്രട്ടറി ശ്യാംമോഹന്റെ വീടാക്രമിച്ച എസ്എഫ്ഐ സംഘം വീട് തല്ലിത്തകര്‍ക്കുകയും ശ്യാംമോഹനെയും അമ്മയെയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ രണ്ടുദിവസങ്ങളായി എസ്എഫ്ഐ ആക്രമണം നടത്തുകയാണെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറയുന്നു.
ശബരിമല വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ കലാലയങ്ങളില്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കമാണ് എസ്എഫ്ഐ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ ക്യാമ്പസുകളിലുണ്ടായിട്ടുള്ള എബിവിപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട എസ്എഫ്ഐ പ്രവര്‍ത്തകര്‍ കേരളത്തിലെ കലാലയങ്ങളില്‍ ഉടനീളം അക്രമം അഴിച്ചുവിടുകയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: