കൊല്ലം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനും ആചാരം തകര്‍ക്കാനും പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ അയ്യപ്പന്മാരുടെ വരവിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം. കൊല്ലത്ത് ഇന്നലെ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സുപ്രീംകോടതിവിധി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്കിയ സര്‍ക്കാരാണ് തന്റേത്. അതിനുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പാക്കും. അയ്യപ്പന്മാരുടെ വരവിലും നിയന്ത്രണം ഉണ്ടാകും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അയ്യപ്പഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളു. സന്നിധാനത്തെ സ്ഥലപരിധിക്കപ്പുറമുള്ള ഭക്തര്‍ വന്നാല്‍ ബേസ് ക്യാമ്പുകളില്‍ കഴിയേണ്ടിവരും.
ഒരു ദിവസത്തില്‍ കൂടുതല്‍ തീര്‍ഥാടകരെ സന്നിധാനത്ത് നിര്‍ത്തില്ല. ഇതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അടക്കം ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം രൂപീകരിക്കും. മറ്റ് സംസ്ഥാനങ്ങളുമായി താന്‍ സംസാരിച്ചുകഴിഞ്ഞു. നിശ്ചിത സമയ പരിധിക്കുള്ളില്‍ ഇവര്‍ പുറത്തിറങ്ങുകയും വേണം. അല്ലാത്തപക്ഷം ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശനം സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. ഇതില്‍ ഒരുമാറ്റവും വരുത്തുന്ന പ്രശ്നമില്ലെന്നും പിണറായി വ്യക്തമാക്കി. സന്നിധാനത്ത് എത്തണം എന്ന് കരുതി ഇറങ്ങുന്നവരെ എത്തിക്കാന്‍ സജ്ജമാണ്. ഒരു തരത്തിലുള്ള പ്രതിഷേധവും സന്നിധാനത്ത് നടക്കില്ല. അഴിഞ്ഞാട്ടക്കാരെയും അവിശ്വാസികളെയും മഹത്വവല്‍ക്കരിച്ച മുഖ്യമന്ത്രി, അയ്യപ്പഭക്തരെ അക്രമികളായി ചിത്രീകരിക്കാനും മറന്നില്ല.
സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ യുവതികള്‍ ഭക്തരായിരുന്നു. ഇവര്‍ക്കെതിരെ ശരണം വിളികളുമായി ഇറങ്ങിയ അയ്യപ്പഭക്തര്‍ അക്രമികളാണ്. നിലയ്ക്കലും പമ്പയിലും അയ്യപ്പഭക്തരെ തല്ലിച്ചതച്ച പോലീസിനെയും പിണറായി ന്യായീകരിച്ചു. പോലീസ് സമചിത്തതയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. അവരുടെ നിലപാടുകളെല്ലാം കൃത്യമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിലക്കുകളുമായി പോലീസും
തിരുവനന്തപുരം: മണ്ഡല മകരവിളക്കു കാലത്ത് ഭക്തര്‍ സന്നിധാനത്ത് തുടര്‍ച്ചയായി തങ്ങുന്നത് നിയന്ത്രിക്കാനാണ് പോലീസിന്റേയും തീരുമാനം. നിലയ്ക്കല്‍ മുതല്‍ നിയന്ത്രണം തുടങ്ങും. സന്നിധാനത്ത് 16 മുതല്‍ 24 മണിക്കൂര്‍ വരെ തങ്ങാനേ അനുമതി നല്‍കൂ. കൂടുതല്‍ സമയം നല്‍കരുതെന്ന് ദേവസ്വം ബോര്‍ഡിനും ഹോട്ടലുകള്‍ക്കും നിര്‍ദേശം നല്‍കും. ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണീ തീരുമാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: