പാലക്കാട്: ലൈംഗികാരോപണവിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി പാര്‍ട്ടി പരിപാടികള്‍ക്ക് പുറമെ പാര്‍ട്ടി യോഗങ്ങളിലും സജീവമായി. കഴിഞ്ഞ ദിവസം ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗത്തിലും മണ്ഡലം കമ്മിറ്റി യോഗത്തിലും ശശി പങ്കെടുത്തു. പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനപ്രകാരമാണ് പങ്കെടുത്തതെന്ന് പറയുന്നു. പാര്‍ട്ടി മേല്‍കമ്മിറ്റി പ്രതിനിധിയായാണ് ശശി യോഗത്തില്‍ പങ്കെടുത്തത്.
ഇതിനുമുമ്പ് ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന മുകളില്‍ നിന്നുള്ള നിര്‍ദേശം ഉണ്ടായിരുന്നു. പിന്നീടത് പിന്‍വലിച്ചു.
ഏരിയ കമ്മിറ്റി യോഗത്തിലും ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്ത് മേല്‍ക്കമ്മിറ്റി തീരുമാനങ്ങളും മറ്റു കാര്യങ്ങളും വിവരിച്ചു.
26ന് മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ നടക്കുന്ന സിപിഐയില്‍ നിന്നും രാജിവച്ച് വരുന്നവര്‍ക്ക് സിപിഎം നല്കുന്ന സ്വീകരണയോഗത്തില്‍ പി.കെ. ശശി എംഎല്‍എയും ആരോപണമന്വേഷിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ കമ്മീഷന് അംഗം മന്ത്രി എ.കെ. ബാലനും ഒരുമിച്ച് വേദി പങ്കിടുന്നതില്‍ പാര്‍ട്ടിക്കകത്തും അണിക്കള്ക്കിടയിലും ശക്തമായ എതിര്‍പ്പുണ്ട്. ഡിവൈഎഫ്ഐയിലേയും സിപിഎമ്മിലെയും ഒരുവിഭാഗം പ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും പറഞ്ഞിരുന്നു. പ്രവര്‍ത്തകരില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായതിനാല്‍ മന്ത്രി എ.കെ. ബാലന് പരിപാടിയില്‍ പങ്കെടുക്കില്ലെന്നും പറയുന്നു.
അടുത്തമാസം ആദ്യപകുതിയില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും തീരുമാനം ഉണ്ടായില്ലെങ്കില്‍ ഒരു മുന്നറിയിപ്പുമില്ലാതെ പോലീസില്‍ പരാതി നല്‍കുമെന്നും പരാതിക്കാരിയായ വനിതാനേതാവിന്റെ ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: