പത്തനംതിട്ട: ശബരിമല സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാനുള്ള വ്യഗ്രതയില്‍ പോലീസ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി.
അതീവ സുരക്ഷാ മേഖലയായ സന്നിധാനത്ത് പടച്ചട്ടയണിയിച്ച് വന്‍പോലീസ് ബന്തവസില്‍ എത്തിച്ച യുവതികളില്‍ പലര്‍ക്കും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്. ഇതാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. യുവതികളുടെ ഇരുമുടിക്കെട്ടുപോലും പോലീസ് പരിശോധിച്ചില്ല. ചാലക്കയത്തും, നിലയ്ക്കലും ഭക്തരുടെ ഇരുമുടിക്കെട്ടുകള്‍ അഴിച്ച് പരിശോധിച്ച പോലീസാണ് അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ ഒരു പരിശോധനയുമില്ലാതെ ജാക്കറ്റും ഹെല്‍മറ്റും ധരിപ്പിച്ച് സന്നിധാനത്തെത്തിച്ചത്.
ശബരിമല ക്ഷേത്രത്തിന് വന്‍സുരക്ഷാ ഭീഷണി ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും വര്‍ഷം മുന്‍പാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കാനന ക്ഷേത്രമെന്ന നിലയില്‍ ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകളും നിലനില്ക്കുന്നു. വിദേശബന്ധമുള്ള ഭീകരവാദ സംഘടനകളുടേതടക്കം അക്രമസാധ്യത കണക്കിലെടുത്താണ് കേരളാ പോലീസിന് പുറമെ കേന്ദ്ര സേനകളുടെയും കമാന്‍ഡോകളുടെയും സേവനം സന്നിധാനത്ത് ലഭ്യമാക്കിയത്. പമ്പയിലടക്കം സ്കാനറുകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്ത് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സേനകള്‍ക്ക് നിരീക്ഷണ ടവറുകളും നിര്‍മിച്ചു. ഇതിനും പുറമെ തീര്‍ഥാടനക്കാലത്ത് നിരീക്ഷണ ക്യാമറകളും ഡ്രോണുകളും സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു.
അതീവ സുരക്ഷാ മേഖലയാണെന്ന കാര്യം അവഗണിച്ചാണ് യുവതീ പ്രവേശനകാര്യത്തില്‍ പോലീസ് നിലപാട് സ്വീകരിച്ചത്. സന്നിധാനത്ത് എത്താന്‍ പോലീസ് സഹായം തേടിയ മാധ്യമ പ്രവര്‍ത്തകരടക്കമുള്ള യുവതികളുടെ പശ്ചാത്തലം പോലീസ് പരിശോധിച്ചല്ല. സന്നിധാനത്ത് എത്തിച്ച ശേഷമാണ് പലരും ക്രിമിനല്‍ കേസുകളിലടക്കം പ്രതികളാണെന്നതും പോലീസ് തിരിച്ചറിഞ്ഞത്. യുവതികളെ ശബരിമലയിലെത്തിച്ച് ആചാരലംഘനം നടത്താന്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം ശക്തമാകുന്നതോടെയാണ് സുരക്ഷാ ഭീഷണിയും ആശങ്ക ഉയര്‍ത്തുന്നത്. യുവതികളില്‍ പലര്‍ക്കും തീവ്രവാദ സംഘടനകളുമായി വ്യക്തമായ ബന്ധമുണ്ടെന്ന വിവരം പോലീസിനും ലഭിച്ചിട്ടുണ്ട്. പോലീസിന്റെ മുഴുവന്‍ ശ്രദ്ധയും യുവതികളുടെ സംരക്ഷണത്തിലേക്ക് ചുരുങ്ങുന്ന സാഹചര്യം ഭീകരസംഘടനകള്‍ മുതലെടുക്കുമോയെന്ന ആശങ്കയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: