പെരുന്ന: ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് എന്‍എസ്എസ് മുഖപത്രമായ സര്‍വീസ്. നിലവിലെ ബോര്‍ഡ് അംഗങ്ങളുടെ അവസ്ഥയെപ്പറ്റി അന്വേഷണം നടത്തണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.
സര്‍വീസിന്റെ പുതിയ ലക്കത്തിലാണ് സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും അതിരൂക്ഷമായി എന്‍എസ്എസ് വിമര്‍ശിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണകാര്യത്തില്‍ നിര്‍ദേശം നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനോ, നിര്‍ദേശം നല്കിയാല് അത് അനുസരിക്കാനുള്ള ബാധ്യത ബോര്‍ഡിനോ ഇല്ലെന്നിരിക്കേ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഇപ്പോഴത്തെ നിലപാട് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ദേവസ്വം ബോര്‍ഡ് ആക്ടിലെ സെക്ഷന്‍ 4 അനുസരിച്ച് പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിക്കുകയെന്ന അധികാരം മാത്രമേ സര്‍ക്കാരിനുള്ളൂ. ഇപ്രകാരം പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിക്കുക എന്ന അധികാരമൊഴികെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ ബോര്‍ഡ് പിരിച്ചുവിടാനോ അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ സര്‍ക്കാരിന് കഴിയില്ല. ബോര്‍ഡിനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശം ആക്ടിലെ സെക്ഷന്‍ 9 അനുസരിച്ച് ഹൈക്കോടതിക്ക് മാത്രമാണുള്ളതെന്നും സര്‍വീസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
ബോര്‍ഡ് അംഗങ്ങളാകുന്ന വ്യക്തികള്‍ ഹിന്ദു മതത്തില്‍പ്പെട്ടവരും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരുമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മാത്രമല്ല, 1999ലെ ഹൈക്കോടതി വിധിയനുസരിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങളായി വരുന്നവര്‍ രാഷ്ട്രീയക്കാരായിരിക്കരുതെന്ന് കൃത്യമായ നിര്‍ദേശമുണ്ട്. രാഷ്ട്രീയക്കാര്‍ ഈ സ്ഥാനത്തേക്ക് കടന്നു വരികയാണെങ്കില്‍ തങ്ങള്‍ സജീവരാഷ്ട്രീയ പ്രവര്‍ത്തകരല്ലെന്ന പ്രതിജ്ഞയും എടുക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ നിലവിലെ ബോര്‍ഡ് അംഗങ്ങളുടെ അവസ്ഥയെപ്പറ്റി അന്വേഷണം നടത്തണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: