കണ്ണൂര്‍: ഡിസംബര്‍ 9ന് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ വിഐപിയായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എത്തും. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് അമിത് ഷാ പ്രത്യേക വിമാനത്തില്‍ കണ്ണൂരില്‍ എത്തുക. ഇതിനുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതോടെ പ്രവര്‍ത്തനസജ്ജമായ കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനെന്ന ബഹുമതി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് സ്വന്തമാകും. ആദ്യമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അമിത്ഷായ്ക്ക് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂര്‍ നഗരത്തിലെ ഓഫീസ് ഉദ്ഘാടന വേദിയിലേക്ക് ആനയിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം കണ്ണൂരിലേക്ക് റോഡ് മാര്‍ഗം വരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചതോടെ ഇവിടെ വിമാനമിറക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കുകയായിരുന്നു.
സ്വകാര്യ വിമാനത്തിന്റെ ലാന്‍ഡിങ് എയര്‍ ട്രാഫിക്ക് സര്‍വീസ് ലഭ്യമാക്കാനുള്ള അപേക്ഷയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയത്. ഇത് പരിഗണിക്കുകയും ചെയ്തു. 27ന് രാവിലെ 10 മണിക്ക് വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ 11 മണിക്ക് കണ്ണൂരിലെത്തി ജില്ലാ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ പിണറായിയിലെ ബിജെപി പ്രവര്‍ത്തകരായ ഉത്തമന്റെയും മകന് രമിത്തിന്റെയും വീട് സന്ദര്‍ശിച്ച് ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളം വഴി മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: