കോട്ടയം: ശബരിമല പ്രശ്നത്തിന്റെ പേരില്‍ തന്ത്രിയേയും പന്തളം കൊട്ടാരത്തേയും അടച്ചാക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ആ വിഷയത്തില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തതിന്റെ ഫലമാവാമെന്ന് തന്ത്രി മുഖ്യന് അക്കീരമണ്‍ കാളിദാസ ഭട്ടതിരി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പക്ഷേ, ഇത്ര ധിക്കാരപരമായും അവഹേളനപരമായും വിശേഷിപ്പിക്കേണ്ടവരല്ല തന്ത്രിമാരും ക്ഷേത്രേശന്മാരും. താന്ത്രിക വിഷയത്തേക്കുറിച്ചും അതില്‍ തന്ത്രിക്കുള്ള സ്ഥാനത്തേക്കുറിച്ചും ക്ഷേത്രേശന്റെ അവകാശാധികാരങ്ങളെക്കുറിച്ചും നിയമംകൊണ്ടും കരാര്‍ ഉടമ്പടി വ്യവസ്ഥകള്‍ കൊണ്ടും വിലയിരുത്തുന്നത് അര്‍ഥശൂന്യമാണ്. താന്ത്രിക വിധികളാണ് അതിന് ആധാരം. അക്കാര്യങ്ങള്‍ ഹൈക്കോടതി അടക്കം വിവിധ കോടതികള്‍ അംഗീകരിച്ചിട്ടുമുള്ളതാണ്. ദേവസ്വംബോര്‍ഡിലെ ജീവനക്കാരന്റെ സ്ഥാനമല്ല തന്ത്രിക്കുള്ളത്. പ്രതിഷ്ഠയുടെ പിതൃസ്ഥാനമാണ് തന്ത്രിക്കെന്നും ക്ഷേത്രത്തിലെ എല്ലാ ആചാരങ്ങളും തന്ത്രിയുടെ നിര്‍ദേശപ്രകാരം മാത്രമാണു നടക്കേണ്ടതെന്നും, വൈക്കം ക്ഷേത്രത്തെ സംബന്ധിച്ച ഒരു കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ പറയുന്നത്, ക്ഷേത്രത്തിന്റെ ആധ്യാത്മികവും, ആചാരപരവും, ചടങ്ങുകള്‍ സംബന്ധിച്ചുള്ളതുമായ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണെന്നാണ്. ആചാര- അനുഷ്ഠാന കാര്യങ്ങള്‍ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും തന്ത്രിയുടെ അഭിപ്രായം ആരായണമെന്നും വ്യവസ്ഥയുണ്ട്. അക്കാര്യങ്ങളില്‍ ഇടപെടാന്‍ ഭരണ സമിതിക്കോ സര്‍ക്കാരിനോ അവകാശമില്ല. ഗുരുവായൂര്‍ ദേവസ്വം നിയമത്തിലും ഇതു വ്യക്തമാക്കുന്നുണ്ട്. ഈ അധികാരാവകാശങ്ങളെ ഒരു കോടതിയും ഒരിക്കലും ചോദ്യം ചെയ്യുകയോ അവയില്‍ കുറവുവരുത്തുകയോ ചെയ്തിട്ടില്ല.
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ക്ഷേത്രേശന്മാര്ക്കാണ്. ശബരിമല ക്ഷേത്രത്തിന്റെ ക്ഷേത്രേശസ്ഥാനം പന്തളം കൊട്ടാരത്തിനാണ്. ക്ഷേത്ര ഭരണം ദേവസ്വംബോര്‍ഡിനു വിട്ടുകൊടുത്തെങ്കിലും തിരുവാഭരണങ്ങള്‍ കൊട്ടാരത്തില്‍ത്തന്നെ സൂക്ഷിക്കുന്നതും മകരവിളക്കു കഴിഞ്ഞു മൂന്നാം നാള് പന്തളം രാജാവ് പതിനെട്ടാം പടിക്കുതാഴെയെത്തുന്നതും വിധിപ്രകാരം മേല്‍ശാന്തി സ്വീകരിക്കുന്നതുമെല്ലാം ആ അധികാരസ്ഥാനത്തിന്റെ സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: