ആലപ്പുഴ: ‘സഖാവേ വയലാര്‍ രക്തസാക്ഷിസ്മാരകത്തിന് നേരെ അക്രമം നടത്തിയവരെ പിടികൂടണ്ടേ…?’ പുന്നപ്ര വയലാര്‍ സമരത്തിന്റെ 72-ാം വാര്‍ഷിക വാരാചരണം ആഘോഷപൂര്‍വം നടക്കുമ്പോള്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ഈ ചോദ്യത്തിന് നേതാക്കള്‍ക്ക് മറുപടിയില്ല.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്റെ ഗേറ്റിന്റെ ഗ്രില്ലുകള്‍ തകര്‍ത്തത്. അക്രമം നടത്തിയത് ആര്‍എസ്എസുകാരാണെന്ന ആരോപണവുമായി സിപിഎം ഉടന്‍ തന്നെ രംഗത്തെത്തി. സംസ്ഥാന നേതാക്കള്‍ വരെ സ്മാരകം സന്ദര്‍ശിച്ച് ഫാസിസത്തിനെതിരെ പ്രസ്താവനകള്‍ നടത്തി. എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും, സ്വന്തം ഭരണത്തില്‍ പോലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.
സ്മാരകത്തിന് നേരെയുണ്ടായ അക്രമം ചര്‍ച്ച പോലും ആകരുതെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം. നാട്ടില്‍ കലാപം സൃഷ്ടിക്കാനും, ആര്‍എസ്എസിനെയും സംഘപരിവാര്‍ സ്ഥാപനങ്ങളേയും കരിവാരിത്തേയ്ക്കാനും പാര്‍ട്ടി സ്ഥാപകനെ മാത്രമല്ല, രക്തസാക്ഷികളെയും വരെ അപമാനിക്കാന്‍ സിപിഎം തയാറാകും. ഇതിന്റെ ഉദാഹരണങ്ങളാണ് വയലാര്‍ രക്തസാക്ഷി സ്മാരകത്തിനും പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകത്തിനും നേരെ നടന്ന അക്രമങ്ങള്‍.
ഇരുളിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തുക, മണിക്കൂറുകള്‍ക്കകം കുറ്റക്കാര്‍ ആര്‍എസ്എസെന്ന് പ്രഖ്യാപിച്ച് വേട്ടയാടുക എന്നിവ ഇവിടെയും നടന്നു. ഏതാനും മാസം മുമ്പ് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഇതു സംബന്ധിച്ച ചില സത്യങ്ങള്‍ വെളിപ്പെടുത്തി. വയലാര്‍ സ്മാരകം ഉള്ളില്‍ നിന്നാണ് ആക്രമിക്കപ്പെട്ടതെന്നതു സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് ആഞ്ചലോസ് പറഞ്ഞത്. സിപിഎം അക്രമത്തിനെതിരെ നടത്തിയ പ്രതിഷേധയോഗത്തിലാണ് ഗത്യന്തരമില്ലാതെ ആഞ്ചലോസ് സത്യം വിളിച്ചു പറയാന്‍ തയാറായത്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: