ചേർത്തല: മകളെക്കുറിച്ചോർത്ത് മനം നൊന്ത് സുബി. കടക്കരപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചിങ്കുതറ വീടിന്റെ കോലായിരുന്നു വിതുമ്പുകയാണ് ഈ വയോധിക. അയ്യപ്പഭക്തരെ മുഴുവൻ വെല്ലുവിളിച്ച് ശബരിമല കയറാൻ ചേർത്തലയിൽ നിന്ന് പുറപ്പെട്ട ലിബിയുടെ അമ്മയാണ് സുബി.
” മകളെന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. മറ്റുള്ളവരുടെ വിശ്വാസങ്ങളെ വെല്ലുവിളിക്കാൻ പാടില്ലായിരുന്നു. വാർത്തകളിലൂടെയാണ് അവൾ മലയിലെത്തിയ കാര്യം ഞാനും അവളുടെ അപ്പനും അറിയുന്നത്. ബന്ധുക്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുകയാണ് ” വിതുമ്പിക്കൊണ്ട് സുബി പറഞ്ഞു.
സെബാസ്റ്റ്യൻ-സുബി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് ലിബി. ലിബിയുടെ ഇളയ സഹോദരി ഇറ്റലിയിൽ കന്യാസ്ത്രീ ആണ്. പ്രീഡിഗ്രി പഠന കാലം വരെ മകൾ ഈശ്വരവിശ്വാസിയായിരുന്നെന്ന് സുബി ഓർക്കുന്നു. പിന്നീട് ഡിഗ്രി പഠനത്തിനിടെ കോളേജിലെ അദ്ധ്യാപകനാണ് ലിബിയെ യുക്തിവാദി സംഘത്തിലേക്ക് അടുപ്പിച്ചത്. ഇയാളുടെ നിർദ്ദേശ പ്രകാരം ഹിപ്‌നോട്ടിസം ക്ലാസിൽ പങ്കെടുത്ത ലിബി ദൈവമില്ലെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വന്നതത്രേ. പലരും ഉപദേശിച്ചിട്ടും പിൻമാറാൻ തയ്യാറായില്ലെന്നും അമ്മ പറഞ്ഞു. പിന്നീട് ഹിന്ദു മത വിശ്വാസിയെ വിവാഹം ചെയ്ത് തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെ ചിങ്കുതറ വീട്ടിലേക്കുള്ള വരവും കുറഞ്ഞു.
ചേർത്തലയിലെ മുലച്ചിപ്പറമ്പിൽ നിന്ന് കെട്ടുമുറുക്കി പോകാനാണ് ലിബിയും കൂട്ടുകാരികളും തീരുമാനിച്ചതെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റുകയായിരുന്നു. ആലപ്പുഴയിൽ നടന്ന ചുംബന സമരത്തിലും ഇവൾ പങ്കെടുത്തിരുന്നു. ആരുമായും സഹകരണമില്ലാതെയാണ് ലിബിയുടെ കുടുംബം ജീവിക്കുന്നതെന്ന് അയൽവാസികൾ പറഞ്ഞു. തൊട്ടടുത്തുള്ള അർത്തുങ്കൽ പള്ളിയിൽ പോകാത്ത യുക്തി വാദിയായ ലിബി ശബരിമലയിലെത്തിയത് കേട്ട് മൂക്കത്ത് വിരൽ വെയ്‌ക്കുകയാണ് നാട്ടുകാർ.
ആശാ മുകേഷ്
















