ചെങ്ങന്നൂര്‍: ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠയുടെ നൈഷ്ഠികബ്രഹ്മചര്യ വ്യക്തിത്വം അംഗീകരിച്ചുകൊണ്ട് മാത്രമേ ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാനാവൂവെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ പ്രസിഡന്റ് അഡ്വ. പി.ആര്‍. ദേവദാസ്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കേരള വിശ്വകര്‍മ മഹിളാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
പ്രതിഷ്ഠയുടെ അസ്തിത്വം നിരാകരിച്ചാല്‍ ശബരിമലയുടെ പ്രസക്തിതന്നെ നഷ്ടമാകും. ശബരിമലയില്‍ സ്ത്രീപ്രവേശനം നിഷേധിക്കുന്നില്ല. ചില പ്രായത്തിലുള്ളവര്‍ക്ക് നിയന്ത്രണം മാത്രമാണുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും ഇല്ലെങ്കിലും കേരള സര്‍ക്കാര്‍ അമിതവേഗത കാട്ടരുത്. ചുംബന സമരക്കാരികളും അവിശ്വാസികളും ആചാരലംഘനം നടത്തിയാല്‍ വിശ്വാസികള്‍ പൊറുക്കില്ലെന്ന് ദേവദാസ് പറഞ്ഞു. മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് എം. സരസ്വതിയമ്മാള്‍ അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി സുജാത മോഹന്‍ സംസാരിച്ചു.
















