തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എയും പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പി.കെ.ശശിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് അച്ചടക്ക നടപടി സ്വീകരിച്ചേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ശശിയുടെ ഭാഗത്തു നിന്നു തെറ്റ് സംഭവിച്ചുവെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. അച്ചടക്ക നടപടി പരിഗണിക്കണമെന്നുമാണു കമ്മീഷന്‍ ശുപാര്‍ശ. ഔദ്യോഗിക പദവികളില്‍ നിന്നും ശശിയെ മാറ്റാനുള്ള തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗമായ ശശിയെ ഏര്യാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയേക്കുമെന്നും സൂചനയുണ്ട്.
അച്ചടക്ക നടപടി സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചാല്‍ നാളെ നടക്കുന്ന സംസ്ഥാനസമിതിയില്‍ വിഷയം റിപ്പോര്‍ട്ട് ചെയ്യും. നടപടി സംസ്ഥാന സമിതി അംഗീകരിക്കും. ശശിക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പോലീസില്‍ പരാതി നല്‍കാതിരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും വിലയിരുത്തും. ശബരിമല വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ എങ്ങനെ രാഷ്‌ട്രീയമായി നേരിടണമെന്നതും ചര്‍ച്ചയാവും.
















