കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള സൗകര്യങ്ങള്‍ കൂടി ഒരുക്കുന്നതായി വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചു. ഇത്തവണ നിലയ്‌ക്കലില്‍ ബേസ് ക്യാമ്പ് ആയി നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഇവിടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ബോര്‍ഡ് സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
പമ്പയിലും സന്നിധാനത്തും സ്ത്രീകള്‍ക്ക് വിരിവയ്‌ക്കാന്‍ പ്രത്യേക കേന്ദ്രമൊരുക്കും. നിലയ്‌ക്കലില്‍ നിലവിലുള്ള 400 ശുചിമുറികള്‍ക്ക് പുറമെ 500 എണ്ണം കൂടി നിര്‍മിക്കും. ഇതില്‍ നൂറെണ്ണം സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി സജ്ജീകരിക്കും. പമ്പയിലുണ്ടായിരുന്ന ശുചി മുറി സംവിധാനം പ്രളയത്തില്‍ നഷ്ടപ്പെട്ടു. ഇവിടെ 100 ശുചിമുറികള്‍ നിര്‍മിക്കും.
സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനായി പ്രത്യേക സൗകര്യവുമൊരുക്കും. പമ്പ ബസ്സ് സ്റ്റാന്‍ഡിനടുത്തും മരക്കൂട്ടത്തും സ്ത്രീകള്‍ക്കായി 25 ബേയാ ടോയ്‌ലറ്റുകള്‍ വീതം സ്ഥാപിക്കും. സന്നിധാനത്ത് നൂറിലേറെ ശുചിമുറികളും സ്ത്രീകള്‍ക്കായി സ്ഥാപിക്കും. സ്ത്രീകളുടെ ശുചിമുറികള്‍ക്ക് പിങ്ക് നിറം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഹില്‍ ടോപ്പില്‍ 25 ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അവിടെയെത്താന്‍ മതിയായ റോഡ് സൗകര്യമില്ല. അതിനാല്‍ പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഈ ഭാഗത്തേക്കുള്ള റോഡ് ഉപയോഗയോഗ്യമാക്കിയാല്‍ മാത്രേമ സ്ത്രീകളടക്കമുള്ളവരെ കടത്തിവിടുകയുള്ളൂയെന്നും ദേവസ്വം പറയുന്നു.
നിലയ്‌ക്കലില്‍ അഞ്ച് കുഴല്‍ കിണറുകളുണ്ടാക്കും. മാളികപ്പുറത്ത് മുറ്റത്ത് കല്ല് വിരിക്കുന്ന ജോലികള്‍ 70 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മണിക്കൂറില്‍ 800 ടിന്‍ അരവണയുണ്ടാക്കാന്‍ കഴിയുന്ന പ്ലാന്റ് അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ഓക്ടോബര്‍ 28ന് പ്രവര്‍ത്തനക്ഷമമാവുന്ന പ്ലാന്റ് 31ന് ആരംഭിക്കും.
















