പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശന തീരുമാനത്തില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന ഭക്തജന രോഷത്തെ മറികടക്കാന്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സ്ത്രീ അവകാശ സംരക്ഷണ സംഗമം സിപിഎമ്മിനെ വെട്ടിലാക്കി. സംഗമത്തില്‍ പങ്കെടുക്കാന്‍ കൊണ്ടുവന്നവരില്‍ ഏറെയും വേദിയിലെ ബാനര്‍ കണ്ട് വാഹനങ്ങളില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചു.
യുവതീ പ്രവേശനത്തെ എതിര്‍ത്ത് സദസിന്റെ മുന്‍നിരയില്‍ ഇരുന്ന സ്ത്രീകള്‍ തന്നെ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതോടെ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളും ഇളിഭ്യരായി. സതി നിരോധിച്ചപ്പോള്‍ ആര്‍എസ്എസ് അതിന് എതിരായിരുന്നു എന്ന പ്രസ്താവനയോടെ ഉദ്ഘാടനപ്രസംഗം നടത്തിയ പി.കെ. ശ്രീമതിയും എല്ലാവരെയും ഞെട്ടിച്ചു. 1829ല്‍ സതി നിര്‍ത്തലാക്കിയപ്പോള്‍ 1925ല്‍ രൂപംകൊണ്ട ആര്‍എസ്എസ് കലാപം ഉണ്ടാക്കിയെന്നും അനാചാരം തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെന്നുമായിരുന്നു ശ്രീമതിയുടെ കണ്ടുപിടുത്തം.
സമ്മേളനത്തിന്റെ ഉദ്ദേശമെന്താണെന്ന് പറയാതെയാണ് കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരെ പാര്‍ട്ടിക്കാര്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നതെന്നും സമ്മേളനത്തിനെത്തിയവര്‍ പറഞ്ഞു. സ്ത്രീകളുടെ പ്രതികരണം ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്തതോടെ സംഘാടകരും ത്രിശങ്കുവിലായി. സമ്മേളനവേദിക്കരികില്‍ വാഹനങ്ങളില്‍ നിന്നും ഇറങ്ങിയവരില്‍ പലരും കാര്യം മനസ്സിലാക്കി ഉടന്‍തന്നെ ബസ്സ്റ്റാന്റില്‍ എത്തി വീടുകളിലേക്ക് മടങ്ങി.
സമ്മേളനം തുടങ്ങും മുന്‍പാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ സദസ്സില്‍ ഇരിക്കുന്ന സ്ത്രീകളോട് ശബരിമലയിലെ യുവതീപ്രവേശത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചത്. മറുപടി നല്‍കിയവര്‍ എല്ലാം യുവതീ പ്രവേശത്തെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമായി പറഞ്ഞു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് കൂടുതല്‍ സംസാരം ഒഴിവാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ മീറ്റിംഗ് എന്ന നിലയിലാണ് തങ്ങളെ അറിയിച്ചിരുന്നതെന്ന് സമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങിയവര്‍ പറഞ്ഞു. പങ്കെടുക്കാത്തവര്‍ക്ക് തൊഴില്‍ അവസരം നഷ്ടമാകും എന്ന് ഭീഷണിപ്പെടുത്തിയാണ് തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ സമ്മേളനത്തിന് എത്തിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പേരിലാണ് സംഗമം സംഘടിപ്പിച്ചിരുന്നത്. ഇതില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ മസ്റ്റര്‍റോളില്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം ജോലിസ്ഥലത്തുനിന്നു വിളിച്ചിറക്കി കൊണ്ടുവരാന്‍ നീക്കമുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
















