അജി ബുധനൂര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമ്മതപത്രം നല്കിയ ഡിസ്റ്റിലറി,ബ്രൂവറികള്‍ക്ക് പിന്നില്‍ സ്വദേശത്തെയും വിദേശത്തെയും വന്‍ ബിനാമികള്‍. വിദേശ വ്യാപാരികളില്‍ അധികവും സിപിഎമ്മുമായി അടുപ്പമുള്ളവരാണ്. അതിനാലാണ് യാതൊരു അന്വേഷണവും നടത്താതെ ശ്രീചക്രക്ക് സംസ്ഥാന സര്‍ക്കാര്‍ ഡിസ്റ്റലറി തുടങ്ങാന്‍ അനുമതി നല്‍കിയത്. ഡിസ്റ്റലറിയിലൂടെ പാര്‍ട്ടി ബിനാമികള്‍ ലക്ഷ്യമിടുന്നത് കോടികളുടെ മദ്യവ്യാപാരമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ കരിമ്പട്ടികയില്‍പെട്ട കമ്പനിയാണ് ശ്രീചക്ര ഡിസ്റ്റലറീസ്. ശ്രീചക്രയില്‍ നിര്‍മ്മിക്കുന്ന മദ്യം സംസ്ഥാനത്തെ ബിവ്റേജുകള്ക്കും സിവില്‍ സപ്ലൈയ്സിന്റെ മദ്യ വില്‍പ്പന ശാലകള്‍ക്കും നല്‍കാനുള്ളതല്ല. പകരം യുഎഇ, ബഹ്റിന്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്താനുള്ളതെന്നാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിങ്ങ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ മദ്യകച്ചവടത്തില്‍ യുഎഇയുമായി ബന്ധപ്പെട്ട വന്‍ ബിനാമികഥകളാണ് പുറത്ത് വരുന്നത്.
സിപിഎമ്മുമായി അടുപ്പമുള്ളവരാണ് യുഎഇ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്നവരില്‍ അധികവും. സംസ്ഥാത്തെ നിരവധി നേതാക്കളുടെ മക്കളും ബന്ധുക്കളും ബിനാമി പണമിടപാടുകള്‍ നടത്തുന്നതും ദുബായ് കേന്ദ്രീകരിച്ചാണ്. ശ്രീചക്രയ്ക്ക് വേണ്ടി മുതല്‍ മുടക്കുന്നതും ദുബായിലെ ബിനാമി വ്യവസായികളാണ്. സംസ്ഥാനത്തെ ജലം ഊറ്റി മദ്യക്കച്ചവടത്തില്‍ കോടികളുടെ വ്യാപാരമാണ് ഇവര്‍ വിദേശത്ത് ലക്ഷ്യമിടുന്നത്. ശ്രീചക്രയില്‍ നിര്‍മ്മിക്കുന്ന മദ്യം ദുബായില്‍ വിറ്റഴിക്കാനുള്ള ഇടനിലക്കാരുടെ ചര്ച്ചകള്വരെ നടത്തികഴിഞ്ഞു. ലൈസന്‍സ് നേടാന്‍ സഹായിച്ചാല്‍ ശ്രീചക്രയില്‍ നിര്‍മ്മിക്കുന്ന വിദേശമദ്യം ദുബായില്‍ വില്‍പ്പന നടത്തുന്നതില്‍ പങ്കാളികളാക്കാം എന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നു കഴിഞ്ഞു. ബഹ്റിനിലും ഇത്തരത്തില്‍ വില്‍പ്പനയ്ക്കുള്ള കോപ്പു കൂട്ടുന്നുണ്ട്.
വ്യാജ മേല്‍വിലാസമുള്ള പവര്‍ ഇന്‍ഫ്രാടെകിന് അനുമതി കോടികള്‍ നല്കിയിതിലൂടെയാണ് ലഭിച്ചത്. കിന്‍ഫ്രയില്‍ അപേക്ഷ നല്‍കിയത് ദല്‍ഹിയിലെ വ്യാജമേല്‍വിലാസം നല്‍കിയാണ്. ഈ മേല്‍വിലാസത്തിലെ കെട്ടിടം അരുണാചല്‍ പ്രദേശിലെ മുന്‍മുഖ്യമന്ത്രിയുടേതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വന്‍ അഴിമതി നടന്നതിന്റെ തെളിവുകള്‍ രേഖകള്‍ സഹിതം പുറത്ത് വന്നിട്ടും അനുമതിപത്രം റദ്ദാക്കാത്തതിന്റെ പിന്നില്‍ പാര്‍ട്ടിയിലെ ഉന്നതരുടെ ബന്ധുക്കളും മക്കളും വ്യാപാരത്തില്‍ പങ്കാളികളായതിലെന്ന് വ്യക്തമാകുന്നു. പരിശോധിക്കും എന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കുന്നുണ്ടെങ്കിലും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തിനു പിന്നില്‍ പാര്‍ട്ടി ബന്ധമാണ്. ശ്രീചക്രയുടെ ഉടമ പ്രദീപുമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ബന്ധമാണ്. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്ത് പോകുമ്പോള്‍ പ്രദീപിന്റെ ഹോട്ടലുകളില്‍ പിണറായി തങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ അടുത്ത ബന്ധമുള്ളതിനാലാണ് അനുമതി പത്രം ലഭിക്കാനിടയായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: