തൃശൂര്‍: സാലറി ചാലഞ്ചിനോട് ‘നോ’ പറഞ്ഞ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അടാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം. പങ്കജത്തിനാണ് സര്‍ക്കാര്‍ വക സസ്‌പെന്‍ഷന്‍ ലഭിച്ചത്.
പ്രളയ ദുരിതാശ്വാസത്തില്‍ വില്ലേജ് ഓഫീസറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും, മറ്റ് വകുപ്പിലെ ജീവനക്കാരോടൊപ്പം യോജിച്ച് പ്രവര്‍ ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ട സമയത്ത് സെക്രട്ടറി അത് ചെയ്തില്ലെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അടക്കുന്നതിന് സംവിധാനമുള്ളപ്പോള്‍ സെക്രട്ടറിയുടെ പേരിലെ അക്കൗണ്ട് നമ്പര്‍ ദുരിതാശ്വാസ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചുവെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആവശ്യത്തിനോട് ഇവര്‍ വിസമ്മതിച്ചതാണ് കാരണമെന്നാണ് ആക്ഷേപം. കോട്ടയം സ്വദേശിനിയായ ജീവനക്കാരിയെ ഭരണാനുകൂല സംഘടനാ നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
2015-16ല്‍ പദ്ധതി വിഹിത വിനിയോഗത്തില്‍ പിറകിലേക്ക് പോയിരുന്ന അടാട്ട് പഞ്ചായത്തിനെ തദ്ദേശവകുപ്പ്മന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2016-17ല്‍ നവംബറില്‍ ചുമതലയേറ്റ ഇവര്‍ മൂന്ന് മാസം കൊണ്ട് സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം പൂര്‍ണമായും വിനിയോഗിച്ച് സംസ്ഥാനത്ത് തന്നെ മാതൃകയായി. അന്ന് മന്ത്രി കെ.ടി. ജലീല്‍ പൊതുവേദിയില്‍ പങ്കജത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 30നാണ് വിരമിക്കേണ്ടതെങ്കിലും, ഞായറാഴ്ച അവധിയായതിനാല്‍ ശനിയാഴ്ചയോടെ ഇവരുടെ ഔദ്യോഗിക പ്രവൃത്തി ദിനം അവസാനിക്കും.
മികച്ച സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന എ.എം. പങ്കജത്തിന് ഇന്നലെ പുഴക്കല്‍ ബ്ലോക്ക് ഓഫീസില്‍ ജീവനക്കാരുടെ വക യാത്രയയപ്പും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തതായുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നത്.
















