തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പുപോലും സാലറി ചലഞ്ചിനെ കൈവിട്ടു. ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്കാന് പോലീസ് സേനയിലെ പകുതിയിലധികം പേര് വിസമ്മതപത്രം നല്കി. വിസമ്മതം അറിയിച്ച പോലീസുകാരുടെ ലിസ്റ്റ് നല്‍കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം. ശമ്പളം പിടിച്ചുപറിക്കാന്‍ അസോസിയേഷന് നേതാക്കളും രംഗത്ത്.
ഭരണസിരാകേന്ദ്രത്തിലെ കന്റോണ്‍മെന്റ് സ്റ്റേഷനിലെ 59 പേരില്‍ 29 പേരും ശമ്പളം നല്‍കാനാകില്ലെന്ന് വിസമ്മത പത്രം നല്കി. എആര്‍ ക്യാമ്പുകളിലടക്കം എഴുപത് ശതമാനം പേരും ശമ്പളം നല്‍കാനാകില്ലെന്ന് എഴുതി നല്‍കിയിട്ടുണ്ട്. റൂറല്‍ പോലീസ് സ്റ്റേഷനുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. ലീവ് സറണ്ടര്‍ ചെയ്യാനില്ലാത്തവരാണ് ക്യാമ്പുകളിലും ബറ്റാലിയനിലും ഉള്ളവരില്‍ അധികവും.
പോലീസ് സൊസൈറ്റികളില്‍ നിന്ന് ലോണെടുത്തിട്ടുള്ളവരാണ് ഭൂരിഭാഗം പോലീസുകാരും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് വിസമ്മത പത്രം നല്‍കിയത്. ഭരണസ്വാധീനം ഉപയോഗിച്ച് ഡെപ്യൂട്ടേഷനില്‍ പോയവരെകൊണ്ടുപോലും പൂര്‍ണമായും സാലറി ചലഞ്ചിന്് സമ്മതം വാങ്ങാന്‍ ആഭ്യന്തര വകുപ്പിന് ആയില്ല. ഡെപ്യൂട്ടേഷനില്‍ പോയവരില്‍ 80 ശതമാനം പേര് മാത്രമാണ് സാലറി ചലഞ്ചിന് സമ്മതം അറിയിച്ചത്. തന്റെ വകുപ്പില്‍ തന്നെ സാലറി ചലഞ്ച് പരാജയപ്പെട്ടതില്‍ മുഖ്യമന്ത്രി ഡിജിപിയോട് അതൃപ്തി രേഖപ്പെടുത്തി. അമേരിക്കന്‍ ചികിത്സ കഴിഞ്ഞെത്തിയ അന്നുതന്നെ ഡിജിപിയെ അദ്ദേഹം അതൃപ്തി അറിയിച്ചിട്ടുണ്ട്. കര്‍ശനമായി ശമ്പളം പിടിച്ചെടുക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശവും നല്കി. ഇതനുസരിച്ച് ജില്ലാ പോലീസ് മേധാവികളോട് ഓരോ സ്റ്റേഷന് തിരിച്ചുള്ള വിവരം നല്കാന് തിങ്കളാഴ്ച തന്നെ ഡിജിപി ആവശ്യപ്പെട്ടു. സ്റ്റേഷനുകള്‍ തിരിച്ചുള്ള കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിസമ്മത പത്രം നല്കിയവരില് എന്ത് സമ്മര്‍ദ്ദം ഉപയോഗിച്ചും സമ്മതപത്രം എഴുതി വാങ്ങാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം.
സാലറി ചലഞ്ച് നൂറുശതമാനമാക്കാന്‍ കേരള പോലീസ് അസോസിയേഷന്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. സ്ഥലം മാറ്റം, ഇന്‍ക്രിമെന്റ് തടയല്‍, സൊസൈറ്റി വായ്പ്പകള്‍ നല്കാതിരിക്കല് തുടങ്ങിയവ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ട്.
എആര്‍ ക്യാമ്പുകളിലടക്കം ഓവര്‍ഡ്യൂട്ടി നല്‍കിയും മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയും സമ്മതപത്രം വാങ്ങുകയാണ്. ശിക്ഷാനടപടി പോലെ രാവിലെ ഏഴു മണിക്ക് എത്താന്‍ ആവശ്യപ്പെടുക, രാത്രി 11 വരെ ഡ്യൂട്ടി നല്കിയ ശേഷം പിറ്റേന്നും സബ്ഡിവിഷനിലേക്ക് അയക്കുക, 11 മണിവരെ ഡ്യൂട്ടി നല്‍കിയശേഷം പിറ്റേന്നും അതിരാവിലെ ഡ്യൂട്ടിനല്കുക തുടങ്ങിയ ഡ്യൂട്ടി സമ്മര്‍ദ്ദവും അസോസിയേഷനുകള്‍ ഇടപെട്ട് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: