തിരുവനന്തപുരം: തേജസ്വി ബാല പറന്നകന്നു. ഇടിത്തീ പോലെയാണ് ആ ദുരന്ത വാര്‍ത്ത ഇന്നലെ തലസ്ഥാനത്തെ കുണ്ടമണ്‍ഭാഗം തിട്ടമംഗലം പുലരി നഗര്‍ കേട്ടുണര്‍ന്നത്.
ഒരു നാടാകെ വിങ്ങിപ്പൊട്ടിയ ദിവസം. അത്രമേല്‍ ഇഷ്ടമായിരുന്നു അവര്‍ക്ക് വയലിനില്‍ മാന്ത്രികസംഗീതം മീട്ടുന്ന ബാലഭാസ്ക്കറിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിയെ. ബാലഭാസ്ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് തേജസ്വിയെ കിട്ടുന്നത്. ‘ടിആര്‍എ 306 ശിവദത്തിലെ മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന, ഒരിക്കലും കണ്ടിട്ടില്ലാത്തവരെ നോക്കിപ്പോലും പുഞ്ചിരിക്കുന്ന മാലാഖക്കുട്ടി.
തേജസ്വിക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം. കഴിഞ്ഞ ദിവസവും തൃശൂര്‍ വടക്കുംനാഥനു മുന്നില്‍ മനമുരുകി പ്രാര്‍ഥിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്ക്കറും കുടുംബവും. പള്ളിപ്പുറത്തുവച്ച് ആ പിഞ്ചോമനയെ മരണം തട്ടിയെടുക്കുകയായിരുന്നു.
യാത്രകളില്‍ അച്ഛന്റെ മടിയിലിരിക്കാന്‍ വാശി പിടിക്കും തേജസ്വി. ഇന്നലെയും ഇന്നോവയുടെ പിന്‍സീറ്റിലിരുന്ന അമ്മയുടെ കൈയില്‍ നിന്ന് പതിവുപോലെ മുന്‍ സീറ്റിലിരുന്ന ബാലഭാസ്ക്കറിന്റെ മടിയിലേക്ക് അവള് കയറിപ്പറ്റി. പിന്നെ അച്ഛന്റെ മാറില്‍ തല ചായ്ച്ച് മയങ്ങി. പിന്നീടവള്‍ ഉണര്‍ന്നില്ല. കാര്‍ അപകടത്തില്‍ പെടുമ്പോഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: