കല്‍പ്പറ്റ: വയനാട്ടില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ രാമദാസാണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും സ്വാശ്രയ സംഘങ്ങളിലും ഉള്‍പ്പടെ കടബാധ്യത ഉണ്ടായിരുന്നു.
മഴക്കെടുതി മൂലം ജില്ലയിലെ പല കര്‍ഷകര്‍ക്കും വന്‍ നഷ്ടമാണ് ഉണ്ടായത്. ഏകദേശം 554 ഹെക്ടര്‍ സ്ഥലത്ത് വെള്ളം കയറിയതായാണ് ഔദ്യോഗികമായി പുറത്തുവന്ന കണക്ക്. ഇതില്‍ ഭൂരിഭാഗവും കൃഷിയിടങ്ങളാണ്. ബാങ്ക് ലോണെടുത്തും സ്വര്‍ണം പണയം വച്ചും വട്ടിപ്പലിശക്കാരില്‍ നിന്നും കടമെടുത്തുമാണ് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും കൃഷിചെയ്തു വരുന്നത്. കൃഷിയിടത്തില്‍ വെള്ളം കയറി പൂര്‍ണമായി നശിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
സര്‍ക്കാരിന്റെ ധനസഹായം പേരിന് മാത്രമായി മാറിയതും വ്യാപക കൃഷിനാശം ഉണ്ടായതും മൂലം പല കര്‍ഷക കുടുംബങ്ങളും കടുത്ത ദാരിദ്ര്യത്തിലാണ്. ജില്ലയില്‍ ഇതിനോടകം അഞ്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു.
















