കൊട്ടിയൂര്‍: അറസ്റ്റിലായ സിപിഎം നേതാവിനെ സിപിഎം സംഘം പോലീസ് സ്റ്റേഷനില്‍ നിന്നും ബലമായി മോചിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗത്തെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ജോയില്‍ ജോബിനെയാണ് ഒരുസംഘം സിപിഎമ്മുകാര്‍ കേളകം പോലീസ് സ്റ്റേഷനിലെത്തി ബലമായി മോചിപ്പിച്ചത്.
അമ്പായത്തോട് ക്ഷീരോല്‍പാദക സംഘം തെരഞ്ഞെടുപ്പ് ദിവസം കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തംഗം രാമന്‍ ഇടമനയെ അക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ചുങ്കക്കുന്ന് സ്വദേശിയായ ജോയല്‍ ജോബ്. ദുരിതാശ്വാസ കേമ്പിലേക്ക് ഭക്ഷണം വാങ്ങാന്‍പോയ രാമന്‍ ഇടമനയെ ജോയല്‍ ജോബിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ സാരമായി പരിക്കേറ്റ രാമന്‍ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.
ഇന്നലെ പുലര്‍ച്ചെ 5മണിയോടെ ചുങ്കക്കുന്നിലെ വീട് വളഞ്ഞാണ് കേളകം പോലീസ് ജോയല്‍ ജോബിനെ അറസ്റ്റുചെയ്തത്. തുടര്‍ന്ന് നേതാക്കളടങ്ങുന്ന സംഘം സ്റ്റേഷനിലെത്തി ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
















