ന്യൂദല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ തള്ളി പോളിറ്റ് ബ്യൂറോ. ശശിക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്ന് യെച്ചൂരി നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ അത് പരിഗണിക്കേണ്ടത് കേരള ഘടകമാണെന്നും പോളിറ്റ്ബ്യൂറോ പത്രക്കുറിപ്പില്‍ അറിയിച്ചു.
തനിക്ക് ലഭിച്ച പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു വിഷയത്തില്‍ യെച്ചൂരി പ്രതികരിച്ചത്. ഓഗസ്റ്റ് 14-ന് അയച്ച പരാതിയല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊന്നും തനിക്കറിയില്ലെന്നും തിങ്കളാഴ്ചയാണ് തനിക്ക് പരാതി കിട്ടിയതെന്നും അന്നുതന്നെ പരാതി സംസ്ഥാന നേതൃത്വത്തിനു കൈമാറിയെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
അതേ സമയം ശശിക്കെതിരേ ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതി നല്‍കിയത് പോളിറ്റ് ബ്യൂറോ സ്ഥിരീകരിച്ചതുമില്ല. യുവതിയുടെ പരാതി കിട്ടിയിട്ടില്ലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വവും സിപിഎം പാലക്കാട് ജില്ലാ നേതൃത്വവും ചൊവ്വാഴ്ച രാവിലെ വരെ അറിയിച്ചിരുന്നത്. എന്നാല്‍ വിവാദം ഉയര്‍ന്നതിനു പിന്നാലെ ഡിവൈഎഫ്ഐ നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
















