ന്യൂദല്‍ഹി: ദല്‍ഹിയില്‍ ത്രിദിന പ്രസംഗ പരമ്പര സംഘടിപ്പിച്ച് ആര്‍എസ്എസ്. തെരഞ്ഞെടുക്കപ്പെട്ട സദസ്സിന് മുന്നില്‍ വിവിധ വിഷയങ്ങളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആര്‍എസ്എസ്സിന്റെ നിലപാടുകള്‍ വ്യക്തമാക്കും. സപ്തംബര്‍ 17 മുതല്‍ 19 വരെയാണ് പരിപാടി.
ഭാരതത്തിന്റെ ഭാവി; സംഘത്തിന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തിലൂന്നിയാണ് ത്രിദിന സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതം അതിന്റെ പ്രത്യേക പദവി തിരികെ പിടിച്ചിരിക്കുകയാണ്. ഇതേ സമയം തന്നെ യുവാക്കളും ബുദ്ധിജീവികളും അടക്കമുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ദേശീയ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളിലെ സംഘത്തിന്റെ നിലപാടുകള്‍ അറിയാനുള്ള ആഗ്രഹവും വര്‍ധിക്കുകയാണ്.
ദേശീയപ്രാധാന്യമുള്ള ആനുകാലിക വിഷയങ്ങളിലെ സംഘത്തിന്റെ നിലപാടുകള്‍ പ്രസംഗ പരമ്പരകളിലൂടെ വ്യക്തമാക്കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍കുമാര്‍ വ്യക്തമാക്കി.
















