ആലപ്പുഴ: വെള്ളപ്പാക്കത്തിന്റെ ആറാം ദിനവും ഏകോപനം ശരിയാകാതെ രക്ഷാപ്രവര്‍ത്തനം. സൈനികരുടെ സേവനം വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായില്ല എന്നതാണ് സത്യം. റവന്യൂവകുപ്പിന്റെ കണക്കനുസരിച്ച് ചെങ്ങന്നൂര്‍, വെണ്‍മണി, പാണ്ടനാട് മേഖലകളില്‍ മാത്രം ഇനിയും മൂവായിരത്തിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇതിലും അധികം പേര്‍ അവിടെ ഉണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സജീവ നേതൃത്വം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാതിരുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കി. മൂന്നാം ദിവസമാണ് പല എംഎല്‍എമാരും എംപിമാരും സജീവമായി എത്തിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്. പലരും ദുരിതാശ്വാസ ക്യാമ്പില്‍ കറങ്ങി നടക്കാനാണ് താല്‍പ്പര്യം കാണിക്കുന്നതെന്നും, ദുരിതമേഖലയില്‍ സജീവമല്ലെന്നും വ്യാപക പരാതിയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ റെഡ്അലര്‍ട്ട് പിന്‍വലിച്ചു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
















