തിരുവല്ല/കൊല്ലം: കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഓര്‍ത്തഡോക്‌സ് സഭാ വികാരി കോടതി മുമ്പാകെ കീഴടങ്ങി. കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ട് വീട്ടില്‍ ഏബ്രഹാം വര്‍ഗീസ് (സോണി-45) ആണ് ഇന്നലെ കീഴടങ്ങിയത്.
രാവിലെ 11 മണിക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി 13ന് മുമ്പ് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ക്കായി ക്രൈംബ്രാഞ്ച് 16ന് കസ്റ്റഡി അപേക്ഷ നല്‍കും.
നാലാം പ്രതി ഫാ. ജെയ്‌സ് കെ. ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി 13ന് മുമ്പ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടും മൂന്നും പ്രതികളായ ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ മാത്യു എന്നിവര്‍ നേരത്തെ അന്വേഷണസംഘം മുമ്പാകെ കീഴടങ്ങിയിരുന്നു.
















