ഇടുക്കി: ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ഇടുക്കി സംഭരണിയിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 2395.7 അടിയാണ് ജലനിരപ്പ്. പരീക്ഷണ തുറക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ ഉടന്‍ നടത്തില്ലെന്നാണ് വിവരം. ഇന്നലെ പകല്‍ ശക്തമായ മഴ ലഭിച്ചതിനാല്‍ നീരൊഴുക്ക് കൂടാനുള്ള സാധ്യതയും ജില്ലാ ഭരണകൂടം തള്ളിക്കളയുന്നില്ല.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാവിലെ ചെറുതോണി അണക്കെട്ടിന് മുകളില്‍ കണ്ട്രോള് റൂം തുറന്നു. ഇന്നലെ രാത്രി ഒമ്പത് വരെ ഉയര്‍ന്നത് 0.70 അടി വെള്ളമാണ്. 2403 ആണ് പരമാവധി സംഭരണ ശേഷിയെങ്കിലും ആദ്യം 2400ലും പിന്നീട് 2397ലും ഷട്ടര്‍ തുറക്കാന്‍ ആലോചിച്ചിരുന്നു. കൂടുതല്‍ വെള്ളമെത്തുന്ന സാഹചര്യം ഒഴിവാക്കി തീര പ്രദേശങ്ങളെ സംരക്ഷിക്കാനായിരുന്നു ഈ നീക്കം.
അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജില്ലാ കളക്ടര്‍ ജീവന് ബാബു. കെ ജന്മഭൂമിയോട് പറഞ്ഞു. ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തിലെ പുഴയോരങ്ങളിലെ വീടുകള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. പുഴയിലൂടെ സുഗമമായി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ നടത്തേണ്ട കാര്യങ്ങളും വിലയിരുത്തി. അഞ്ച് സെക്ടറുകളിലായി തൊടുപുഴ ഡിവൈഎസ്പിയുടെ കീഴില്‍ 383 പോലീസുകാരെയും ഇതിനായി നിയോഗിച്ചു. മറ്റ് വകുപ്പുകള്‍ക്കും ചുമതലകള്‍ വീതിച്ച് നല്‍കിയിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞാല്‍ ഷട്ടര്‍ തുറക്കാതെ പരമാവധി വെള്ളം സംഭരിക്കാനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പറുകള്‍- എറണാകുളം -04841077 (7902200300, 7902200400) ഇടുക്കി -048621077 (9061566111, 9383463036) തൃശ്ശൂര്‍ -04871011,2363424 (9447074424)
പ്രതികരിക്കാൻ ഇവിടെ എഴുതുക: