തിരുവനന്തപുരം: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സി.ബി.ഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിണറായിക്ക് കനത്ത തിരിച്ചടിയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണ് സി.ബി.ഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സി.എ.ജി റിപ്പോര്‍ട്ടിലും സി.ബി.ഐയുടെ കുറ്റപത്രത്തിലും പിണറായി വിജയന്റെ പങ്ക് അടിവരയിട്ടു വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഒന്‍പതാം പ്രതിയാണ്. 2006ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ലാവ്ലിന്‍കേസ് സി.ബി.ഐക്കു വിട്ടത്.കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് ലാവ്ലിന്‍ ഇടപാടിലാണെന്നും അതിന്റെ സൂത്രധാരന്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ആണെന്നുമാണ് യു.ഡി.എഫ് നിലപാട്. പുതിയ സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകള്‍ പിണറായിയുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നു.
പിണറായി വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹവും മറ്റു പ്രതികളും ലാവ്‌ലിന്റെ അതിഥിയായി കാനഡ സന്ദര്‍ശിക്കുകയും വിതരണക്കരാറില്‍ ഒപ്പുവയ്‌ക്കാന്‍ പിണറായി വിജയന്‍ തീരുമാനിക്കുകയും ചെയ്ത കാര്യം ഹൈക്കോടതി പരിഗണിച്ചില്ല. വിചാരണക്കോടതിയില്‍ സിബിഐ ഹാജരാക്കിയ തെളിവുകള്‍ പിണറായി ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളെ ഒഴിവാക്കാന്‍ ഹൈക്കോടതി ദുര്‍വ്യാഖ്യാനം ചെയ്യുകയോ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയോ ചെയ്‌തെന്നും സിബിഐ ആരോപിക്കുന്നു.
















