ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നിന്ന് പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. സ്പെഷ്യല്‍ പൊലീസ് ഓഫീസറായ മുദാസിര്‍ അഹമ്മദിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. പുല്‍വാമയിലെ ത്രാലില്‍ ഇന്ന് രാവിലെയാണ് സംഭവം. മുദാസിറിന്റെ വീട്ടിലെത്തിയ ഭീകരര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ പോലീസുകാരനെ രക്ഷിക്കാന്‍ സുരക്ഷാ സേനയുടെ ശ്രമം ആരംഭിച്ചിട്ടുണ്ട്.മുദാസിറിനെ തട്ടിക്കൊണ്ടു പോയത് മൂന്നു പേരടങ്ങുന്ന ഭീകരസംഘമാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പോലീസ് വകുപ്പില്‍ പാചകക്കാരനായാണ് മുദാസിര്‍ ജോലി ചെയ്യുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈനിക, പോലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ കശ്മീരില്‍ വ്യാപകമായി സംഭവിക്കുന്നതിനാല്‍ വിഷയത്തെ ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.
ജൂണ്‍ 14ന് സൈനികനായ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. പെരുന്നാള്‍ ആഘോഷിക്കാന്‍ അവധിയെടുത്ത് വീട്ടിലേക്ക് പോവുന്ന വഴിയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുന്നത്. ജൂലായ് അഞ്ചിന് ജാവേദ് ദര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വധിച്ചിരുന്നു. സമാന രീതിയില്‍ ജൂലായ് 20ന് മുഹമ്മദ് സലിം ഷാ എന്ന എന്ന പോലീസ് ഉദ്യോഗസ്ഥനെയും ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു.
















