സൂററ്റ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ ‘സ്റ്റാച്ചു ഓഫ് യൂണിറ്റി’യുടെ നിർമാണ സ്ഥലം സന്ദർശിച്ചു. സർദാർ സരോവർ അണക്കെട്ടിനു സമീപം നിർമ്മിക്കുന്ന പ്രതിമയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഘട്ടം അദ്ദേഹം സന്ദർശിച്ച് വിലയിരുത്തി. 182 മീറ്റർ ഉയരമുള്ള സർദാർ പട്ടേലിന്റെ പ്രതിമയാണ് ‘സ്റ്റാച്ചു ഓഫ് യൂണിറ്റി’ എന്ന പേരിൽ പണി കഴിപ്പിക്കുന്നത്.
മുൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ആശയമായിരുന്നു ഈ പ്രതിമ. സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
നിർമാന ഘട്ടങ്ങൾ കൃത്യമായി പരിശോധിച്ച അദ്ദേഹത്തിന് പ്രവർത്തന റിപ്പോർട്ടും ഉദ്യോഗസ്ഥർ കൈമാറി. 250 ഓളം എഞ്ചിനീയർമാരുടെ പ്രവർത്തന മികവിൽ പണികഴിപ്പിക്കുന്ന പ്രതിമയുടെ 80 ശതമാനത്തോളം പൂർത്തിയായതായി അധികൃതർ അറിയിച്ചു. പ്രതിമയുടെ നിർമാണത്തിനായി 25,000 ടൺ ഇരുമ്പും 90,000 ടൺ സിമൻ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്.
സർദാർ സരോവർ അണക്കെട്ട് സന്ദർശിക്കുന്നവർക്ക് ഉലാസത്തിനോടൊപ്പം വിജ്ഞാനവും പ്രദാനം ചെയ്യുമെന്ന് രൂപാനി തന്റെ ട്വിറ്ററിൽ കുറിച്ചു. സർദാർ പട്ടേലിന്റെ ജീവിതവും നേട്ടങ്ങളും ജനങ്ങൾക്ക് മനസിലാക്കാനാകും, പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
















