പാനൂര്‍: കേരളത്തില്‍ സ്ത്രീകള്‍ക്ക് ഇരട്ടനീതിയാണ് ലഭിക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ:പ്രകാശ്ബാബു പറഞ്ഞു. സോഷ്യല്‍മീഡിയ വഴി അപമാനിക്കപ്പെട്ട ലസിത പാലക്കലിന് നീതിനിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് പാനൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നടന്ന ധര്‍ണ്ണാ സമരത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ മദ്യലഹരിയില്‍ വിദേശത്ത് നിന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാറിനെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാന്‍ പോലീസിനു സാധിക്കും.പത്തനംതിട്ട ബസ് സ്റ്റാന്റിലെ കുണ്ടും കുഴിയും ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച ആളെ എംഎല്‍എയായ വീണാജോര്‍ജ് അറസ്റ്റ് ചെയ്യിച്ചത് മാനഹാനി ചൂണ്ടിക്കാട്ടിയാണ്. ദീപാനിശാന്തിനെയും ഷാനിയെയും അപമാനിച്ചവര്‍ക്കുമെതിരെ മണിക്കൂറുകള്‍ കൊണ്ട് നടപടിയെടുത്തവര്‍ 24 ദിവസം പിന്നിട്ടിട്ടും ലസിത പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ച് സ്ത്രീത്വത്തെ ആകെ അപമാനിച്ച സാബുവിനെതിരെ നടപടിയെടുക്കാന്‍ സുക്കര്‍ബര്‍ഗിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് സ്വീകരിക്കുകയാണ്. ഇത് സര്‍ക്കാറിന്റെ സ്ത്രീ വിരുദ്ധത തുറന്നു കാട്ടുന്നതാണെന്ന് പ്രകാശ്ബാബു പറഞ്ഞു. നീതി നിഷേധിക്കപ്പെട്ട ലസിത പാലക്കലിനൊപ്പമാണ് കേരളീയ സമൂഹം. ഭര്‍തൃമതിയെ അപമാനിച്ച് ചാനല്‍ ഷോകളില്‍ ഞെളിയാമെന്ന ധാരണയാണ് തരികിട സാബുവിനെങ്കില്‍ അതിനെ രാഷ്ടീയമായും നേരിടാന്‍ യുവമോര്‍ച്ചക്ക് അറിയാം. ഒരാഴ്ച കൊണ്ട് അറസ്റ്റ് നടപടികള്‍ നടന്നില്ലെങ്കില്‍ ജൂലൈ 5 ന് പോലീസ് ആസ്ഥാനത്തേക്ക് യുവമോര്‍ച്ച സമരവുമായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.
















