ഇടുക്കി: പോലീസ് സ്‌റ്റേഷനുകളുടെ ഭരണം സിഐമാര്‍ക്ക് നല്‍കിയതില്‍ ഗുരുതര പാകപ്പിഴകള്‍. പോലീസിനെതിരായ പരാതികള്‍ കൂടുമ്പോഴും കൃത്യമായ മുന്നൊരുക്കമോ ദീര്‍ഘവീക്ഷണമോ ഇല്ലാതെ മാറ്റം നടപ്പാക്കിയതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്.
സംസ്ഥാനത്ത് 471 സ്റ്റേഷനുകളാണ് ഉള്ളത്. പഴയ സംവിധാനം വെച്ച് ഒരോ സ്‌റ്റേഷനുകളിലും എസ്എച്ച്ഒമാരായി എസ്‌ഐമാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് മുകളില്‍ രണ്ടോ അതിലധികമോ സ്‌റ്റേഷനുകളെ ചേര്‍ത്ത് സിഐമാരും ഇതിനും മുകളില്‍ ജില്ലയെ വിവിധ ഭാഗങ്ങളായി തിരിച്ച് ഡിവൈഎസ്പിമാരുമാണ് ഉണ്ടായിരുന്നത്. പുതിയ സംവിധാനത്തിലേക്ക് വന്നതോടെ സിഐമാര്‍ എസ്എച്ച്ഒമാരായി മാറി. അതും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത് നിലവില്‍ സിഐമാരുണ്ടായിരുന്ന 196 സ്റ്റേഷനുകളില്‍ മാത്രമാണ്. പകുതിയില്‍ കൂടുതല്‍ സ്റ്റേഷനുകളിലും ഇത്തരം ഒരു നിയമനം നടന്നിട്ടില്ല.
ഇത്തരമൊരു മാറ്റം വന്നതോടെ എസ്‌ഐക്ക് പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കാതെ വരുന്ന കേസുകളില്‍ സിഐമാരെ സമീപിക്കാനുള്ള ജനങ്ങളുടെ വഴിയടഞ്ഞു. ഡിവൈഎസ്പിമാര്‍ക്ക് നിന്ന് തിരിയാന്‍ സമയമില്ലാത്ത തിരക്കാണ്. മുന്‍പ് എസ്‌ഐയുടെ എല്ലാ നടപടികളും സിഐയെ ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു മുന്നോട്ട് പോയിരുന്നത്. പരാതിയിന്മേല്‍ കേസെടുക്കാനുള്ള അവകാശം എസ്എച്ച്ഒയ്‌ക്ക് മാത്രമാണ് എന്നുള്ളതാണ്. സിഐ പറഞ്ഞാല്‍ കേസെടുക്കുമായിരുന്ന നടപടി ഇത്തരത്തിലുള്ള മാറ്റത്തോടെ ഇല്ലാതായി, സമീപത്തെ സ്റ്റേഷനുകളില്‍ നിന്ന് ഇന്നും നിരവധി പേരാണ് സിഐമാരോട് പരാതിയില്‍ നടപടിയില്ല എന്ന് പറഞ്ഞ് വിളിക്കുന്നത്. ഇതില്‍ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് മടക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
സിഐമാര്‍ ചുമതല ഏറ്റതോടെ എസ്‌ഐമാര്‍ ജോലിയില്‍ ശ്രദ്ധിക്കാതെ വരുന്നതും കൂടി. അടുത്തിടെ നടന്ന കെവിന്റെ കൊലപാതകത്തില്‍ വില്ലനായതും ഈ മാറ്റം തന്നെയാണ്. 10 സ്റ്റേഷനുകളുടെ പരിധിയിലൂടെ വാഹനം കടന്നുപോയിട്ടും ആരും സംഭവം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ തടയാനാകാതെ വന്നതും എടുത്ത് പറയേണ്ട വീഴ്ചയാണ്. ഓരോ സിഐക്ക് കീഴിലും കുറഞ്ഞത് മൂന്ന് എസ്ഐമാരാണ് നിലവിലുള്ളത്. ക്രമസമാധാനം, കുറ്റാന്വേഷണം, ട്രാഫിക് എന്നിങ്ങനെ എസ്ഐമാര്‍ക്ക് ചുമതല വീതിച്ച് നല്കിയതോടെ പോലീസ് സ്‌റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. സിഐമാര്‍ വന്നതോടെ എസ്‌ഐമാര്‍ ഉള്‍വലിഞ്ഞതും സ്റ്റേഷനുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും പ്രശ്‌നമാകുന്നുണ്ട്.
ഡിവൈഎസ്പിമാരുടെ എണ്ണം കൂട്ടണം
രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സ്‌റ്റേഷനുകളിലും സിഐമാര്‍ തന്നെ എസ്എച്ച്ഒമാരാകും. ഇതിനായി ഡിജിപിയും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. ധനവകുപ്പ് അനുവാദം നല്‍കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
അപ്പോഴും മുകള്‍തട്ടില്‍ ഡിവൈഎസ്പി, എസ്പി എന്നീ രണ്ട് പേരെ മാത്രമാണ് നടപടി ഇല്ലാതെ വന്നാല്‍ പരാതിക്കാരന് സമീപിക്കാനാവുക. 10ല്‍ അധികം സ്റ്റേഷനുകളുടെ ചുമതലയുള്ള ഡിവൈഎസ്പിക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര സമയം കണ്ടെത്താനാകില്ല.
പരമാവധി മൂന്നോ നാലോ സ്റ്റേഷനുകള്‍ യോജിപ്പിച്ച് പുതിയ ഡിവൈഎസ്പിമാര്‍ കൂടി വന്നെങ്കില്‍ മാത്രമെ ഇതിന് കൃത്യമായ പരിഹാരം കാണാനാകൂ എന്നതാണ് ഉന്നത പോലീസുകാര്‍ തന്നെ സമ്മതിക്കുന്ന കാര്യം. കൃത്യമായ ചട്ടക്കൂടില്‍ ഓരോ ഘട്ടത്തിലും ഉദ്യോഗസ്ഥരുണ്ടെങ്കില്‍ മാത്രമെ കേരള പോലീസിന് ഇന്നുണ്ടായിരിക്കുന്ന നാണക്കേടില്‍ നിന്ന് കരകയറാനാകൂ.
















