ന്യൂദല്‍ഹി: ചെങ്ങന്നൂരിലെ തോല്‍വിയില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ചും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പരാജയം ഗൗരവമേറിയതാണ്. പാര്‍ട്ടി പ്രവര്‍ത്തങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ചെങ്ങന്നൂര്‍ ആവര്‍ത്തിക്കപ്പെടും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഗ്രൂപ്പ് നേതൃത്വം സംരക്ഷിക്കുന്നു. ഇത് മാറണം. ജംബോ കമ്മിറ്റികള്‍ പിരിച്ചു വിടണം. തന്നെ പോലുള്ളവരെ രണ്ടാംതരം പൗരന്മാരായാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം.
സമുദായം നോക്കി അധ്യക്ഷനെ നിയമിച്ചാല്‍ സമുദായത്തിന്റെ വോട്ട് പോലും കിട്ടില്ല. ഇടത് ഭരണം മോശമായിട്ടും അത് വോട്ടാക്കി മാറ്റാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്ന് ചെന്നിത്തല വോട്ട് ചെയ്ത ബൂത്തില്‍ സിപിഎം മുന്നിലെത്തിയത് സൂചിപ്പിച്ച് മുരളീധരന്‍ പറഞ്ഞു. എ.കെ. ആന്റണിയുമായി മുരളീധരന്‍ ചര്‍ച്ച നടത്തി.
പുതിയ കെപിസിസി പ്രസിഡണ്ടിനെ രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍ എന്നിവരെ രാഹുല്‍ ദല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ചര്‍ച്ച. വിദേശത്തുള്ള രാഹുല്‍ ചൊവ്വാഴ്ചയേ മടങ്ങിയെത്തു. മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, കെ.വി. തോമസ് എന്നിവരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഗ്രൂപ്പിന് അതീതനായ ഒരാളെ വേണമെന്നും അഭിപ്രായമുണ്ട്.
















