ചെന്നൈ: വ്യക്തിയുടെ അനുമതിയില്ലാതെ അദ്ദേഹത്തെക്കുറിച്ചുള്ള വിവരണം സംപ്രേഷണം ചെയ്തതിന് തമിഴ് ടിവിയായ സീ തമിഴ് ചാനലിന്റെ പരിപാടി മദ്രാസ് ഹൈക്കോടതി തടഞ്ഞു. വിരുദു നഗര്‍ സ്വദേശി കല്യാണ സുന്ദരത്തിന്റെ പരാതിയിലാണ് നടപടി. ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ മറുപടി കോടതി ചോദിച്ചിട്ടുണ്ട്. ജൂണ്‍ 18 വരെയാണ് പരിപാടി തടഞ്ഞത്.
സ്വകാര്യ വിവരങ്ങള്‍ വ്യക്തിയുടെ അനുമതിയില്ലാതെ ”സൊല്‍വതെല്ലാം ഉണ്‍മൈ” എന്ന പരിപാടിയില്‍ സംപ്രേഷണം ചെയ്തതാണ് കേസ്. പരിപാടിയുടെ അവതാരക (ലക്ഷ്മി രാമകൃഷ്ണന്‍) പരിപാടിയില്‍ പങ്കെടുക്കുന്നവരോട് സ്വകാര്യത ലംഘിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുകയും അവ റെക്കോഡ് ചെയ്യുകയും ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അതീവ സ്വകാര്യ രഹസ്യങ്ങളും പറയാന്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം മോശം കാര്യങ്ങള്‍ പറയുകയും തര്‍ക്കത്തിലാകുകയും ശാരീരിക ഉപദ്രവം നടത്തുകയുംവരെ ചെയ്യുന്നു. പരിപാടിയില്‍ പങ്കെടുത്ത ഒരു ബലാത്സംഗക്കേസിലെ പ്രതി പിന്നീട് ആത്മഹത്യ ചെയ്യുകയുണ്ടായി, പരാതിക്കാരന്‍ വിശദീകരിക്കുന്നു.
ടെലിവിഷന്‍ പരിപാടികള്‍ക്ക് നിര്‍ദ്ദിഷ്ട മാര്‍ഗ നിര്‍ദ്ദേശം ഉണ്ടാക്കണമെന്ന 2013 ലെ സുപ്രീം കോടതി ഉത്തരവ് പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. സെല്‍വതെല്ലാം ഉണ്‍മൈ പരിപാടി, പങ്കെടുക്കുന്നവരുടെ വികാരപ്രകടനങ്ങള്‍ കൃത്രിമമായി ഉണ്ടാക്കി ടെലിവിഷന്‍ ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണംകൂട്ടുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് സാധ്യമാക്കുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു.
















